മേലാറ്റൂർ: മേലാറ്റൂരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും കലാ-സാഹിത്യ പാരമ്പര്യത്തെയും കൂടുതൽ പരിപോഷിപ്പിക്കുക, നാടിന്റെ സർഗാത്മകമായ കൂട്ടായ്മകൾക്ക് പുതിയ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിക്കുന്ന വെള്ളിയാർ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹച്ചു. യോഗത്തിൽ വച്ച് അദ്ദേഹം സാംസ്കാരികവേദിയുടെ ലോഗോ പ്രകാശനം ചെയ്തു.
തുടർന്ന് ഡോ.ദേവി കൃഷ്ണന്റെ "അമ്മ മലയാളം' വി.കെ റൗഫിനും സ്വപ്ന ഷമീറിന്റെ " അവൾക്കും പറയാനുണ്ട് ഒരുപാട്' എന്ന കവിതാ സമാഹാരവും ഗിഫു മേലാറ്റൂരിന്റെ നവരസകഥകളും പ്രഫ. ഡോ.എസ് സഞ്ജയ്ക്ക് നൽകിയും പ്രകാശനം ചെയ്തു. ആദരഭാഷണവും പുസ്തക പരിചയവും പ്രൊഫ. ഡോ. എസ്.സഞ്ജയ് നടത്തി.
എഴുത്തുകാരായ മേലാറ്റൂർ രാധാകൃഷ്ണൻ ,ഗിഫു മേലാറ്റൂർ, സിനിമാ സംവിധായകനായ മേലാറ്റൂർ രവിവർമ്മ, പാരമ്പര്യ കലാകാരനായ മേലാറ്റൂർ രാമകൃഷ്ണൻ എന്നിവരോടൊപ്പം ഉജ്വലബാല്യപുരസ്കാരം നേടിയ കെ. നന്ദനയെയും ചടങ്ങിൽ ആദരിച്ചു. കെ. സുഗുണ പ്രകാശ് സ്വാഗതവും വി.വി ദിനേശ് നന്ദിയും പറഞ്ഞു.