നെടുങ്കണ്ടം: കേരളത്തിലെ മുഴുവൻ വിമുക്തഭടന്മാർക്കും സംസ്ഥാന ഗവൺമെന്റ് സിഎസ്ആർ ഫണ്ടിന് സമാനമായ രീതിയിൽ ഇൻസെന്റീവ് നൽകണമെന്ന് സേനാപതി വേണു എംഎൽഎ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച സ്വകാര്യ ബില്ല് നിയമസഭയിൽ അവതരിപ്പിക്കുമെന്നും കേരള സ്റ്റേറ്റ്എക്സ് സർവീസ് ലീഗ് മുണ്ടിയെരുമ യൂണിറ്റിന്റെ നേതൃത്വത്തിൽ വിമുക്തഭടനായ എംഎൽഎക്ക് നൽകിയ സ്വീകരണ യോഗത്തിൽ എംഎൽഎ അറിയിച്ചു.
മുണ്ടിയെരുമ, അണക്കര, കുമളി, ഏലപ്പാറ, ഇടുക്കി, കട്ടപ്പന, അടിമാലി, യൂണിറ്റുകളുടെയും ഇടുക്കി, ഉടുമ്പൻ ചോല ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റ് മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. അജികുമാർ, ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി പി.എം. ജോയ്, വി.ജി. ശശി, ആർ.കെ. പണിക്കർ, വർഗീസ് കാപ്പിൽ, വി.ഐ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും സീനിയർ എക്സ് സർവീസ് മെംബർമാരായ കെ. കെ. ഉണ്ണികൃഷ്ണൻ, സുഭാഷ് ചന്ദ്രൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.