ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യക്ക് ആള്‍നാശം ഉണ്ടായിട്ടില്ലെന്ന് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെതിരേ അവകാശലംഘനത്തിന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ എംപി സ്പീക്കര്‍ക്ക് നോട്ടീസ് നല്കി.
ലോക്സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം 223 പ്രകാരം സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിരോധ മന്ത്രിക്കെതിരേ പ്രത്യേകാവകാശ നടപടി സ്വീകരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് അയച്ച കത്തില്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തെയും തുടര്‍ന്നു നടന്ന ഓപ്പറേഷന് സിന്ദൂറിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ, ഇന്ത്യന്‍ സൈനികര്‍ക്ക് ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്ന് രാജ്നാഥ് സിംഗ് 2025 ജൂലൈ 28ന് പാര്‍ലമെന്റില്‍ പറഞ്ഞതായി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
2025 ജൂലൈയില്‍ ഒരു ഇന്ത്യന്‍ സൈനികനും രക്തസാക്ഷിത്വം വരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് എങ്ങനെ പറയാന്‍ കഴിഞ്ഞു? തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം നമുക്ക് ആറു ജവാന്മാരെ നഷ്ടപ്പെട്ടുവെന്നു സൈന്യം പ്രഖ്യാപിച്ചു. ആറു രക്തസാക്ഷികളുടെ ധീരതയും ജീവത്യാഗവും സംബന്ധിച്ച് രാജ്യത്തെ ജനങ്ങളോടു പറയാതിരുന്നതു രക്തസാക്ഷികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മുഴുവന്‍ സായുധസേനയ്ക്കും കടുത്ത അപമാനമാണ്. ശത്രുക്കളില്‍നിന്നു രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനിടയിലാണ് അവര്‍ രാഷ്ട്രത്തിനുവേണ്ടി ജീവന് വെടിഞ്ഞത്. പക്ഷേ ദേശസ്നേഹം പറയുന്ന സര്‍ക്കാര്‍ രക്തസാക്ഷിത്വത്തെക്കുറിച്ചു കള്ളം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന ഓപ്പറേഷന് സിന്ദൂരില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ അടുത്തിടെയാണ് ആദരസൂചകമായി ആലേഖനം ചെയ്തത്. കരസേനയിലെ അഞ്ചു പേരും വ്യോമസേനയിലെ ഒരാളും ഇക്കൂട്ടത്തിലുണ്ട്.
തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രതിരോധ മന്ത്രാലയം
കഴിഞ്ഞ വര്‍ഷം ജൂലൈ 28ന് പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതാണു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകളെന്ന് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഓപ്പറേഷന് സിന്ദൂറില്‍ ഒരു ഇന്ത്യന്‍ സൈനികനും ജീവന് നഷ്ടപ്പെട്ടില്ലെന്ന് പ്രതിരോധ മന്ത്രി അവകാശപ്പെട്ടുവെന്ന് തെറ്റായി സൂചിപ്പിക്കുന്നതിനായി പ്രസംഗത്തിന്റെ ഒറ്റപ്പെട്ട ഒരു ഭാഗം തെരഞ്ഞെടുത്ത് ഉദ്ധരിച്ചിട്ടുണ്ട്.
ഈ പോസ്റ്റുകള്‍ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാപരമായി തെറ്റുമാണ്. ആറു രക്തസാക്ഷികളെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍, ഏറ്റവും ആദ്യ അവസരത്തില്‍ രാഷ്ട്രം അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. അവരുടെ ഓര്‍മയ്ക്ക് അര്‍ഹമായ അന്തസും ആദരവും എപ്പോഴും നല്‍കുമെന്നും മന്ത്രാലയം പറഞ്ഞു.