ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുനിലവാര സൂചിക (എക്യുഐ) ‘വളരെ മോശം’ വിഭാഗത്തിൽ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവുമായി കോൺഗ്രസ്. ഡൽഹിയിലെ എക്യുഐ ഇന്നലെ പുലർച്ചെ 348 ആയി രേഖപ്പെടുത്തിയതിനു പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് പ്രധാനമന്ത്രിയെ വിമർശിച്ചു രംഗത്തെത്തിയത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ഉയർത്തിയ ‘അബ്കി ബാർ, 400 പാർ’ എന്ന മുദ്രാവാക്യം കടമെടുത്തായിരുന്നു ജയ്റാമിന്റെ പരിഹാസം. ‘അബ്കി ബാർ, എക്യുഐ 400 പാർ’ (ഇത്തവണ എക്യുഐ 400 കടക്കും) എന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്. എക്യുഐയുടെ കാര്യത്തിൽ ‘പ്രസംഗമന്ത്രി’യുടെ മുദ്രാവാക്യം യാഥാർഥ്യമാകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായി ഡൽഹി മാറിയെന്നും വായു അത്രമേൽ വിഷലിപ്തമായതിനാൽ ശ്വസിക്കാൻപോലും പ്രയാസമാണെന്നും ജയ്റാം ആരോപിച്ചു. കുട്ടികളും പ്രായമായവരുമാണ് മലിനീകരണത്തിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകുന്നതിനൊപ്പം ആശുപത്രികളിലെ രോഗികളുടെ എണ്ണവും വർധിക്കുകയാണെന്ന് ജയ്റാം പറഞ്ഞു. വായുവിലേക്ക് മുദ്രാവാക്യങ്ങൾ എറിഞ്ഞുകൊടുത്തവർ ഇപ്പോൾ മലിനമായ വായുവാണ് ജനങ്ങൾക്കു സമ്മാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.