വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലുണ്ടായ വെടിവയ്പിൽ അക്രമിയുൾപ്പടെ രണ്ടുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ രാവിലെ വൈറ്റ് ഹൗസിന് ഒന്നര കിലോമീറ്റർ വടക്കുകിഴക്കായി ലോഗൻ സർക്കിൾ പ്രദേശത്തുള്ള "വിഡ’ഫിറ്റ്നസ് ക്ലബ്ബിനുള്ളിലും പുറത്തുമായിരുന്നു വെടിവയ്പ്.
ആക്രമണത്തിനുശേഷം സ്വന്തം അപ്പാർട്ട്മെന്റിൽ ഒളിച്ചിരുന്ന അക്രമി പൊലിസിനുനേരേ വെടിയുതിർത്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ ജീവനൊടുക്കിയതായി കണ്ടെത്തിയത്.
ഇതോടെ പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ പിന്നീട് പൊലിസ് പിൻവലിച്ചു. വെള്ളക്കാരനായ പുരുഷനാണ് അക്രമിയെന്നു പൊലിസ് വ്യക്തമാക്കി. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.