തൊടുപുഴ: എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം പിണറായി വിജയന് വെള്ളാപ്പള്ളി എന്ന വേതാളത്തെ ചുമന്നതിനുള്ള ശിക്ഷയാണെന്ന് എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗര്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും സ്നേഹിക്കുന്ന ആരും എല്‍ഡിഎഫിന്റെയും തോല്‍വിയില്‍ ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല.
ശ്രീനാരായണ ധര്‍മങ്ങളെ ഉളുപ്പില്ലാതെ വക്രീകരിക്കുകയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ രക്തവും മജ്ജയും വലിച്ചെടുത്ത് ചീര്‍ത്തുപോയ വെള്ളാപ്പള്ളി തങ്ങളുടെ പിടലിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വേതാളമാണെന്ന് അറിഞ്ഞിട്ടും ആ വേതാളത്തെ ചുമക്കാന്‍ ആവേശം കാണിച്ച മുഖ്യമന്ത്രിക്കും ആ മുഖ്യമന്ത്രിയെ തിരുത്താന്‍ കൂട്ടാക്കാത്ത എല്‍ഡിഎഫ് നേതാക്കള്‍ക്കും ശ്രീനാരായണീയര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലയളവില്‍ നല്കിയ മുന്നറിയിപ്പുകളെ അവഗണിച്ചതിന് ലഭിച്ച ശിക്ഷ കൂടിയാണ് ഈ കനത്ത പ്രഹരം.
അടിസ്ഥാന വര്‍ഗങ്ങള്‍ നന്മമരമായിക്കണ്ട് ചേക്കേറിയ തണല്വൃക്ഷത്തില് വിഷസര്‍പ്പങ്ങള്‍ താവളം ഉറപ്പിക്കുന്നതു കണ്ട് മടുത്തപ്പോള്‍ അവര്‍ പുതിയ തണല്‍വൃക്ഷങ്ങള്‍ തേടി. അതിന് അവരെപ്പഴിച്ചിട്ട് കാര്യമില്ല.
അവരുടെ ശരികള്‍ മനസിലാക്കി അവരോട് വീഴ്ച ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുകയാണ് വേണ്ടത്. നന്മമരങ്ങള് നശിക്കാതിരിക്കേണ്ടത് അടിസ്ഥാനവര്‍ഗങ്ങള്‍ക്ക് മാത്രമല്ല, പൊതുസമൂഹത്തിന്റെയും ആവശ്യകതയാണെന്നും വിദ്യാസാഗര്‍ പറഞ്ഞു.