കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി.ശ്രീനിജിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയില്‍ ക്രമക്കേട് നടന്നെന്ന പരാതിയില്‍ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊതുമേഖല സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ ഒരു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.
'സ്ലേറ്റ്' എന്ന പേരില്‍ കുന്നത്തുനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയിലേക്ക് വരുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്. സെന്റ് തെരേസാസ് വെല്‍ഫെയര്‍ സൊസൈറ്റിയായിരുന്നു നടത്തിപ്പുകാര്‍.
2023-24 അധ്യയന വർഷത്തിൽ എയ്ഡഡ് സ്കൂളുകളിൽ നടപ്പിലാക്കിയ ഈ പദ്ധതിയുടെ പേരിൽ യാതൊരു പ്രവർത്തനവും നടന്നിട്ടില്ലെന്നും, പദ്ധതിയുടെ മറവിൽ വൻതോതിൽ പണപ്പിരിവ് നടത്തിയെന്നുമാണ് പരാതി. പി.വി. ശ്രീനിജിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നൽകിയ പരാതിയിൽ, പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. അതേസമയം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും കാര്യങ്ങൾ വിജിലൻസിനു മുന്നിൽ വ്യക്തമായി ബോധിപ്പിക്കുമെന്നും പി.വി. ശ്രീനിജിൻ പ്രതികരിച്ചു