മൂവാറ്റുപുഴ: മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നു വ്യക്തമാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദേശം.
റിപ്പോര്‍ട്ട് അടുത്ത മാസം 20നകം സമര്‍പ്പിക്കാന്‍ കോടതി നിർദേശിച്ചു. ഗണേഷ് കുമാര്‍ മന്ത്രിയായിരിക്കേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് സഹായം നല്‍കിയെന്ന പരാതിയിലാണു കോടതി ഇടപെടല്‍. കൊച്ചി കടവന്ത്ര സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ചെഷയര്‍ ടാര്‍സനാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
കേരഫെഡിന്റെ വെളിച്ചെണ്ണ ദുബായിലേക്കു കയറ്റുമതി ചെയ്യുന്നതിനും മില്‍മ ഉത്പന്നങ്ങള്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ വിപണനം നടത്തുന്നതിനുമുള്ള കരാറുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നല്‍കിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
മത്സര ടെന്‍ഡറുകളോ എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റോ ക്ഷണിക്കാതെയാണ് കരാറുകള്‍ മുന്‍ മന്ത്രിയുടെ ഭാര്യയുടെ സ്ഥാപനത്തിനു കൈമാറിയത്. 10 ലക്ഷത്തിന് മുകളിലുള്ള കരാറുകള്‍ക്ക് തുറന്ന ടെന്‍ഡര്‍ നടപടികള്‍ വേണമെന്ന കേരള ഫിനാന്‍ഷല്‍ കോഡിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ഭാര്യയുടെ സ്ഥാപനത്തിന് സാമ്പത്തിക ലാഭവും കമ്മീഷനും ഉറപ്പാക്കുന്ന രീതിയിലാണ് കരാറുകള്‍ ഉണ്ടാക്കിയതെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്.
നേരത്തേ ഇതേ വിഷയത്തില്‍ പരാതിക്കാരന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.