തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്ക് കരാറുകൾ കൈമാറിയെന്ന ആരോപണത്തിലാണ് അന്വേഷണം. കെഎസ്യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസാണ് പരാതിക്കാരൻ.
പി.പി.ദിവ്യ, ദിവ്യയുടെ ഭർത്താവ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫ് എന്നിവർക്കെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കമ്പനി ദിവ്യയുടെ ബെനാമിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലും കരാർ ഇടപാടുകൾ സംബന്ധിച്ച വിഷയം ഉൾപ്പെട്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. പി.പി.ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കളെക്കുറിച്ചും സ്വത്ത് സമ്പാദനത്തിന്റെ ഉറവിടങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. കാർട്ടൺ ഇന്ത്യ ലിമിറ്റഡുമായുള്ള ഇടപാടുകളിൽ ദിവ്യയ്ക്ക് എന്തെങ്കിലും സാമ്പത്തിക താൽപര്യമുണ്ടായിരുന്നോയെന്ന ആരോപണവും പരിശോധനയ്ക്ക് വിധേയമാകും.