അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വൈ.എസ്. രാജശേഖര റെഡ്ഢിയുടെ മക്കൾ തമ്മിലുള്ള സ്വത്തുതർക്കം രൂക്ഷമാകുന്നു.
മുൻ മുഖ്യമന്ത്രികൂടിയായ വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡിയും സഹോദരി ശർമ്മിളയുമായുള്ള തർക്കത്തിൽ മകൾക്ക് അനുകൂല നിലപാടുമായി അമ്മ വിജയമ്മയും എത്തിയതോടെ കലഹം കൂടുതൽ സങ്കീർണമായി.
ജഗൻ സഹോദരിയോട് നീതി കാട്ടിയില്ലെന്ന് വിജയമ്മ പറഞ്ഞു. നോട്ടറി സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയും അവർ പുറത്തിറക്കി.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ സംബന്ധിച്ച് ജഗനും ശർമ്മിളയും തമ്മിലുള്ള തർക്കം ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.
ഇതിനിടെയാണ് വിജയമ്മ മകൾക്ക് അനൂകൂല നിലപാട് സ്വീകരിച്ചത്. അതേസമയം, ജഗനെതിരേ അമ്മ നടത്തിയ പരാമർശങ്ങൾ വേദനാജനകമാണെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.