ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്ത് ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വിജയമ്മ ജോസഫിന് ഇത് ഏഴാമൂഴം. 1995 മുതൽ മത്സരിക്കുന്ന വിജയമ്മ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. 1992ൽ ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.
1995 മുതൽ അയ്യപ്പൻകോവിൽ പഞ്ചായത്തംഗമായ വിജയമ്മ 95ൽ സ്ഥിരംസമിതി ചെയർപേഴ്സണായും 2000ലും, 2010 ലും പ്രസിഡന്റായും പ്രവർത്തിച്ചു. 2008 മുതൽ 2015 വരെ ഡിസിസി ജനറൽ സെക്രട്ടറിയായി. ഇപ്പോൾ ഡിസിസി അംഗമാണ്. 1992 മുതൽ എട്ടു വർഷം അയ്യപ്പൻ കോവിൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗമായും 2016 മുതൽ 2021 വരെ നെടുങ്കണ്ടം കാർഷികവികസന ബാങ്കിന്റെ ഡയറക്ടർ ബോർഡംഗമായും 1990 മുതൽ 94 വരെ ടെലികോം അഡ്വൈസറി ബോർഡ് അംഗമായും പ്രവർത്തിച്ചു. മൂന്നു തവണ ഒന്നാംവാർഡായിരുന്ന അയ്യപ്പൻ കോവിലിൽനിന്ന് വിജയച്ചു. ഇത്തവണയും ജനവിധി തനിക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് വിജയമ്മ.
കഴിഞ്ഞ തവണ അയ്യപ്പൻകോവിൽ വാർഡിൽ വിജയിച്ച ജോമോൻ വെട്ടിക്കാലായുടെ ഭാര്യ സുബിതയാണ് എതിർ സ്ഥാനാർഥി. ഹയർ സെക്കൻഡറി അധ്യാപികയായ സുബിതയ്ക്ക് കന്നിയങ്കമാണ്. കേരള വനിതാ കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ്, മേരികുളം സെന്റ് മേരീസ് പാരീഷ് കൗണ്‍സിലംഗം, സണ്‍ഡേ സ്കൂൾ അധ്യാപിക, പൊതുപ്രവർത്തക എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു.
35 വർഷത്തെ അധ്യാപക ജീവിതത്തിനിടെ സുബിതയുടെ ശിഷ്യഗണങ്ങളുടെ പിൻബലമാണ് പ്രതീക്ഷ നൽകുന്നത്.
Tags : local nattuvishesham Vijayamma