ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ ഡൽഹിയിൽ പ്രഖ്യാപിച്ച വാഹന നിരോധനവും നിയന്ത്രണവും ലംഘിച്ചതിന് ആദ്യദിനം തന്നെ കനത്ത പിഴ. വാഹന പരിശോധനയിൽ പിഴയായും പാരിസ്ഥിതിക നഷ്ടപരിഹാരവുമായി ആകെ 68.4 ലക്ഷം രൂപയാണ് അധികൃതർ ഈടാക്കിയത്. നിയന്ത്രണങ്ങളുടെ ആദ്യ ദിനമായ ഞായറാഴ്ച പതിനായിരത്തിലധികം വാഹനങ്ങളാണ് പരിശോധിച്ചത്.
ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ ബിഎസ്-6 മലിനീകരണ നിയന്ത്രണം പാലിക്കാത്ത 1,539 വാഹനങ്ങൾ അധികൃതർ തിരിച്ചയച്ചു. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത 566 വാഹനങ്ങൾക്കാണ് പ്രധാനമായും പിഴയിട്ടത്.
പുക മലിനീകരണ മാനദണ്ഡം ലംഘിച്ചതിന് 56.6 ലക്ഷം രൂപയും പ്രവേശന നിയന്ത്രണം ലംഘിച്ചതിന് രണ്ട് ലക്ഷം രൂപയും പാരിസ്ഥിതിക നഷ്ടപരിഹാരമായി 9.8 ലക്ഷം രൂപയുമാണ് പിഴയായി ഈടാക്കിയത്.
ഡൽഹിക്ക് പുറത്തുനിന്നുള്ള ബിഎസ്-6 നിലവാരത്തിന് താഴെയുള്ള വാഹനങ്ങൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഡൽഹി പൊലിസും ഗതാഗത വകുപ്പും സംയുക്തമായി വൻ പരിശോധനയാണ് നടത്തിയത്. ആകെ 14,930 വാഹനങ്ങൾ പരിശോധിച്ചതിൽ 10.31 ശതമാനം വാഹനങ്ങളും അതിർത്തിയിൽ നിന്ന് തന്നെ തിരിച്ചയച്ചു. നിർദേശങ്ങൾ ലംഘിച്ച 62 വാഹനങ്ങൾ ട്രാഫിക് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അതിർത്തിയിൽ നിന്ന് തിരിച്ചയച്ചവയിൽ 140 ലൈറ്റ് മോട്ടോർ വാഹനങ്ങൾ, 54 വാണിജ്യ വാഹനങ്ങൾ, 95 ചരക്ക് വാഹനങ്ങൾ, 34 ബസുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, പരിശോധിച്ച 1,423 ഇരുചക്ര-മുച്ചക്ര വാഹനങ്ങളിൽ 789 എണ്ണം തിരിച്ചയക്കുകയും 38 എണ്ണം പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾക്കും അവശ്യ സർവീസുകൾക്കും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.
പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് പെട്രോൾ പമ്പ് ഉടമകൾക്കും നിർദേശം നൽകിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നവർ വാഹനത്തിന്റെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അല്ലാത്ത പക്ഷം, കനത്ത പിഴ ചുമത്തുകയും അതിർത്തി മേഖലയിൽ നിന്ന് തിരിച്ചയക്കുകയും ചെയ്യുമെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചിരുന്നു.