വാർസോ: പോളണ്ടിലെ കോനോതോപിയേ ഗ്രാമത്തില്‍ സ്ഥാപിച്ച പരിശുദ്ധ കന്യാമറിയത്തിന്റെ 55 മീറ്റര്‍ (180 അടി) ഉയരമുള്ള തിരുരൂപം ഇന്നു വെഞ്ചരിക്കും. കന്യാമറിയത്തിന്റെ യൂറോപ്പിലെ ഏറ്റവും ഉയരമുള്ള തിരുരൂപമാണിത്.
ലോകത്തെ രണ്ടാമത്തെ ഉയരമുള്ള തിരുരൂപം എന്ന റിക്കാർഡും പോളണ്ടിലേതിനുണ്ട്. ഫിലിപ്പീന്‍സിലെ മദര്‍ ഓഫ് ഓള് ഏഷ്യ ആണു ലോകത്തെ ഏറ്റവും ഉയരമുള്ള തിരുരൂപം. 98.15 മീറ്ററാണ് ഇതിന്റെ ഉയരം.
കോണ്‍ക്രീറ്റിലും ഉരുക്കിലുമാണു കോനോതോപിയേയിലെ തിരുരൂപം നിര്‍മിച്ചിട്ടുള്ളത്. 2.6 കോടി ഡോളര്‍ ഇതിനായി ചെലവായെന്നു കണക്കാക്കുന്നു.
ശതകോടീശ്വരനായ റൊമാന് കാര്കോസിക് ആണ് തിരുരൂപം നിര്‍മിക്കാൻ പണം മുടക്കിയത്. പോളണ്ടിലെ അതിസമ്പന്നരിലൊരാളാണ് കാര്കോസിക്. 2025 മാര്‍ച്ചിലാണ് തിരുരൂപത്തിന്റെ നിര്‍മാണം ആരംഭിച്ചത്.