വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രംപ് ഭരണകൂടം ആരംഭിച്ച വീസ ബോണ്ട് പദ്ധതി 50 രാജ്യങ്ങൾക്കായി സ്ഥിരപ്പെടുത്തി.
ബിസിനസ്, ടൂറിസം വീസകളിലെത്തുന്നവർ 20,000 വരെ ഡോളർ ബോണ്ടായി നല്കണമെന്നാണ് പദ്ധതി നിർദേശിക്കുന്നത്. വീസ ചട്ടങ്ങൾ ലംഘിച്ചാൽ പണം തിരികെ ലഭിക്കില്ല.
കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി സ്ഥിരപ്പെടുത്തുന്നതായാണ് കഴിഞ്ഞദിവസത്തെ അറിയിപ്പ്. ഇതു ബാധകമായ 50 രാജ്യങ്ങളിൽ ഭൂരിഭാഗവും ആഫ്രിക്കയിൽനിന്നാണ്. ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ രാജ്യങ്ങളെ ഉൾപ്പെടുത്തിയെങ്കിലും ഇന്ത്യക്കു ബാധകമല്ല.
ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കുള്ള ബി1, ബി2 വീസക്കാരാണ് ബോണ്ട് നല്കേണ്ടത്. കഴിഞ്ഞ വർഷം 5000, 10000, 15000 എന്നിങ്ങനെയാണ് ബോണ്ട് വാങ്ങിയിരുന്നത്. ഇനി 10000, 15000, 2000 എന്നിങ്ങനെയായിരിക്കും. തിങ്കളാഴ്ചയാണ് പുതിയ പദ്ധതി പ്രാബല്യത്തിൽ വരുന്നത്.
വീസക്കാലാവധി പൂർത്തിയാകുന്നതിനു മുന്പ് മടങ്ങാത്തവരുടെയും കാലവധി തീരും മുന്പ് വീസ പുതുക്കിവാങ്ങാത്തവരുടെയും ബോണ്ട് തുക പിടിച്ചെടുക്കും.