കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിനു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്തുണ പ്രഖ്യാപിച്ച നടിയും മോഹൻലാലിന്‍റെ മകളുമായ വിസ്മയ മോഹൻലാലിനു നേരെ സൈബർ ആക്രമണം.
വിസ്മയയുടെ പ്രതികരണത്തിന് പിന്നാലെ വിവിധ സാമൂഹ്യ മാധ്യമ പേജുകളിലും മോഹൻലാലിന്‍റെ ഫേസ്ബുക്ക് പേജിലും വിവിധ പോസ്റ്റുകൾക്ക് താഴെയുമായാണ് അധിക്ഷേപ കമന്‍റുകൾ പ്രത്യക്ഷപ്പെട്ടത്.
പൃഥ്വിരാജിന്‍റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ പറഞ്ഞു തരും, പെട്ടെന്നൊരു പൗരബോധം!, സിനിമയ്ക്ക് ആളെ കൂട്ടാൻ ചില പ്രതികരണങ്ങൾ നടത്തിയാൽ മതിയെന്ന് ആരെങ്കിലും ഉപദേശിച്ചിരുന്നോ?,
പഹൽഗാമിൽ മതം ചോദിച്ച് പാവം മനുഷ്യരെ കൊന്നപ്പോൾ മിണ്ടാട്ടം മുട്ടിയവർക്ക് ഇപ്പോൾ സംസാരിക്കാൻ കഴിവ് കിട്ടിയതിൽ സന്തോഷം, ലാലേട്ടന്‍റെ പേര് കളഞ്ഞല്ലോ, ഇനി ഞാനും എന്‍റെ കുടുംബവും തിയറ്ററിലേക്ക് ഇല്ല... എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.
‘സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ? പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു’ എന്നാണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.