മാസങ്ങളായി ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചലച്ചിത്രമാണ് "തുടക്കം". മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ ചലച്ചിത്രം, 2018 എന്ന മെഗാഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്നിങ്ങനെയുള്ള കാരണങ്ങളാൽ വാനോളം പ്രതീക്ഷകളുമായാണ് ആദ്യദിവസം പ്രേക്ഷകർ തിയേറ്ററിലേയ്ക്കെത്തിയത്. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ സിനിമ ഒരു ഘട്ടത്തിലും കാഴ്ചക്കാരെ ബോറടിപ്പിക്കുന്നില്ല എന്നു മാത്രമല്ല, വ്യത്യസ്തമായൊരു ദൃശ്യാനുഭവമായി ചലച്ചിത്രം മാറുകയും ചെയ്യുന്നു.
കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യയിൽ കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നായികാ പ്രാധാന്യമുള്ള രണ്ടു ചലച്ചിത്രങ്ങളാണ് പ്രീതി മുകുന്ദൻ നായിയായ "ബ്ലാസ്റ്റ്" എന്ന തമിഴ് സിനിമയും സാമന്ത നായികയായ "മാ ഇണ്ടി ബങ്കാരം" എന്ന തെലുങ്ക് സിനിമയും. ഈ നിരയിലേയ്ക്ക് ചേർത്തു വയ്ക്കാവുന്ന ഒരു മലയാളം സിനിമയാണ് "തുടക്കം".
ദുർബ്ബലരെന്ന് പൊതുവെ ചുറ്റുവട്ടത്തുള്ളവരോ വില്ലൻ കഥാപാത്രങ്ങളോ കരുതുന്ന സ്ത്രീ കഥാപാത്രത്തിന്റെ അപ്രതീക്ഷിതമായ പരിവർത്തനമാണ് ഈ മൂന്ന് ചലച്ചിത്രങ്ങളിലും കഥയുടെ ഗതിമാറ്റുന്നത്. സ്ത്രീകളെ ഇരകളും അബലകളുമായി അവതരിപ്പിക്കുന്ന ഭൂരിപക്ഷം ചലച്ചിത്രങ്ങൾക്കിടയിൽ തികച്ചും വിപരീതമായ പ്രതിച്ഛായയിൽ എത്തുന്ന ഇത്തരം നായികാ വേഷങ്ങൾ എക്കാലവും സവിശേഷമായ ശ്രദ്ധ നേടാറുണ്ട്. കഥയുടെ പുതുമയും സംവിധാന മികവും അവിടെ പ്രാധാന്യമർഹിക്കുന്നു.
തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലെ അമാനുഷിക ഛായയുള്ള നായികാ കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു സാധാരണക്കാരിയായ പെൺകുട്ടിയായി തുടക്കത്തിലെ നായികയായ മീനു അവതരിപ്പിക്കപ്പെടുന്നു. അതിനാൽ തന്നെ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുത്തനെ ഉയരുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ "തുടക്കം" ഒരു മോട്ടിവേഷണൽ മൂവി കൂടിയാവുകയാണ്.
വെറുമൊരു ത്രില്ലർ എന്നതിനപ്പുറം, സമൂഹത്തിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മികച്ചൊരു സന്ദേശംകൂടി നൽകാൻ കഴിഞ്ഞിരിക്കുന്നത് സംവിധായകന്റെയും രചയിതാക്കളുടെയും വിജയമാണ്. തന്റെ ആദ്യത്തെ ചലച്ചിത്രം തന്നെ ഇത്തരത്തിൽ മൂല്യമുള്ള ഒരു സൃഷ്ടിയായി പരിഗണിക്കപ്പെടുന്നതിൽ വിസ്മയയ്ക്കും അഭിമാനിക്കാം. അതിനുമപ്പുറം, തനിക്ക് ലഭിച്ച ആദ്യ നായികാ വേഷത്തെ തൻമയത്വത്തോടെ ഗംഭീരമാക്കാൻ വിസ്മയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകനിൽ നോവും, അഭിമാനവും, ആവേശവും നിറയ്ക്കുന്ന അഭിനയ - പ്രകടന മുഹൂർത്തങ്ങൾ പലതുണ്ട്.
വലിയ സങ്കീർണതകളൊന്നുമില്ലാതെ സാവകാശം വികസിച്ചുവരുന്ന കഥയും കാര്യമായ ട്വിസ്റ്റുകളൊന്നുമില്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ശൈലിയുമാണ് തുടക്കത്തിന്റേത്. കൊടും ക്രൂരനായ ഒരു ക്രിമിനൽ യാദൃശ്ചികമായി ഒരു പെൺകുട്ടിയെ നോട്ടമിടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഇത്തരം സംഭവങ്ങൾ ഉപരിപ്ലവമായി ഒരു നാട്ടിൽപുറത്തെ ജനങ്ങളെ എങ്ങനെ സ്വാധീനിക്കാമെന്നതും കഥയുടെ ഭാഗമായി മാറുന്നു. ഇരയായേക്കാവുന്ന പെൺകുട്ടിയെ വേട്ടക്കാരനെക്കാൾ ക്രൂരതയോടെ നോക്കുന്ന കാഴ്ചക്കാരും ഒരു യാഥാർഥ്യമാണെന്ന് ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നു.
ലിനീഷ് നെല്ലിക്കലിന്റെ കഥയും, ജൂഡ് ആന്തണിയും, അഖിൽ കൃഷ്ണയും കൂടി ചേർന്നെഴുതിയ തിരക്കഥയും മികവ് പുലർത്തുന്നു. വില്ലൻമാരും നല്ലവരുമായ കഥാപാത്രങ്ങൾ വ്യക്തമായ ക്യാരക്ടറുകളോടെ മിഴിവാർജിച്ചു നിൽക്കുന്നത് ആ മികവിന്റെ ലക്ഷണങ്ങളാണ്. ജൂഡ് ആന്തണിയുടെ സംവിധാനമികവ് ഒരിക്കൽകൂടി മലയാളി പ്രേക്ഷകർ ഇവിടെ തിരിച്ചറിയുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് ജോ ആന്റണിയും ബോബി കുര്യനും അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ എടുത്തു പറയേണ്ടവയാണ്.
മലയാള സിനിമയ്ക്ക് ഭാവി പ്രതീക്ഷയായി മറ്റൊരു താരപുത്രൻകൂടി രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന് ആശിഷിന്റെ കാര്യത്തിൽ അടിവരയിട്ടുപറയാം. തുടക്കത്തിലെ, കൊടും ക്രൂരനായ സൈക്കോ വില്ലൻ വേഷം ആശിഷിൽ ഭദ്രമായിരുന്നു. സായ് കുമാർ അവതരിപ്പിച്ച, നായികയുടെ പിതാവിന്റെ വേഷം, മനോജ് കെ ജയന്റെ സി.ഐ. വേഷം തുടങ്ങിയവയും എടുത്തു പറയേണ്ടതാണ്. കാമിയോ റോളിൽ ഒരു സീനിൽ നിറഞ്ഞാടിയ മോഹൻലാലിന്റെ കഥാപാത്രം ആവോളം കയ്യടി നേടി.
ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം, ചമൻ ചാക്കോയുടെ എഡിറ്റിംഗ്, ജോമോൻ ടി. ജോണിന്റെയും അഖിൽ ജോർജിന്റെയും ഛായാഗ്രഹണം, യാനിക് ബെൻ- സ്റ്റണ്ട് സിൽവ ടീമിന്റെ ആക്ഷൻ തുടങ്ങിയവയെല്ലാം തുടക്കത്തിന്റെ മാറ്റ് വർധിപ്പിച്ചു.
ചുരുക്കത്തിൽ "തുടക്കം" ഒരു നല്ല തുടക്കം തന്നെ എന്നു വിലയിരുത്താം. വിസ്മയ മോഹൻലാലിന്റെയും ആശിഷ് ജോ ആന്റണിയുടെയും തുടക്കം എന്ന നിലയിൽ മാത്രമല്ല, സമൂഹം നേരിടുന്ന വലിയ പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിടാൻ കാഴ്ചക്കാർക്ക് കരുത്തു നൽകുന്ന, മയക്കുമരുന്നിനും കുറ്റകൃത്യങ്ങൾക്കും എതിരായ മികച്ച സന്ദേശങ്ങൾ നൽകുന്ന, സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വിജയചിത്രങ്ങളുടെ നീണ്ട നിര പിന്നാലെ വരട്ടെ എന്ന് ആഗ്രഹിക്കാം.
Tags : Thudakkam VismayaMohanlal VismayaMohanlalMovie Mohanlal MalayalamMovies