സിൻസിനാറ്റി: കേരളത്തിൽ വേരുകളുള്ള വിവേക് രാമസ്വാമി അമേരിക്കയിലെ ഒഹായിയോ സംസ്ഥാനത്തെ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വം സ്വന്തമാക്കി.
കഴിഞ്ഞദിവസം നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ കേസി പുട്സ്ച്ചിനെയാണു തോല്പിച്ചത്. വിവേകിന് 82 ശതമാനം വോട്ട് ലഭിച്ചു.
നവംബറിൽ നടക്കുന്ന ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഡോ. ആമി ആക്റ്റണിനെയാണു വിവേക് നേരിടുക. ഒഹായിയോ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് മേധാവിയായിരുന്ന ആമി കോവിഡ് നിയന്ത്രണ മാർഗങ്ങളിലുടെ പ്രശസ്തയാണ്. ഡെമോക്രാറ്റിക് പാർട്ടിയിൽ എതിരില്ലാതെയാണ് ആമിക്കു സ്ഥാനാർഥിത്വം ലഭിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും പിന്തുണ വിവേകിനുണ്ട്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വം സ്വന്തമാക്കാൻ ട്രംപുമായി വിവേക് മത്സരിച്ചിരുന്നു.
പിന്നീട് പിന്മാറി ട്രംപിനു പിന്തുണ പ്രഖ്യാപിച്ചു. ട്രംപ് ഭരണമേറ്റയുടൻ രൂപവത്കരിച്ച ‘ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിന്’ ഇലോൺ മസ്കിനൊപ്പം വിവേകും കുറച്ചുനാൾ നേതൃത്വം നല്കിയിരുന്നു.