ന്യൂയോർക്ക്: ഐടി വന്പന്മാരായ മൈക്രോസോഫ്റ്റ് ഇന്ത്യ, യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ യോഗ്യരായ ജീവനക്കാർക്കായി വോളിന്ററി എക്സിറ്റ് പ്രോഗ്രാം (സ്വയം വിരമിക്കൽ പദ്ധതി) പ്രഖ്യാപിച്ചു.
ചെലവ് ചുരുക്കലിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന്റെയും ഭാഗമായാണ് കന്പനി ഈ നീക്കം നടത്തുന്നത്. കന്പനി വിടാൻ ആഗ്രഹിക്കുന്നവർക്ക് സാന്പത്തിക പിന്തുണയും കരിയർ പ്ലാനിംഗ് സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
ആഗോളതലത്തിൽ ഏകദേശം 60,000 ജീവനക്കാർക്ക് ഈ ഓഫറിന് അർഹതയുണ്ട്. ഇത് കന്പനിയുടെ ജീവനക്കാരുടെ നാലിലൊന്നു വരും. ഇന്ത്യയിൽ മൈക്രോസോഫ്റ്റിന് ഏകദേശം 23,000 ജീവനക്കാരുണ്ട്. എന്നാൽ ഇതിൽ എത്രപേർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇന്ത്യയിലുള്ള യോഗ്യരായ ജീവനക്കാർക്ക് ഡിസംബർ 1 വരെ പദ്ധതി തെരഞ്ഞെടുക്കാൻ സമയമുണ്ടെന്നാണ് വിവരങ്ങൾ.
ജോലി ചെയ്ത ഓരോ വർഷത്തിനും ഒരു മാസത്തെ അടിസ്ഥാന ശന്പളം, ആരോഗ്യ ഇൻഷ്വറൻസ്, കരിയർ മാറ്റത്തിനുള്ള സഹായങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു സാധാരണ ‘സെവറൻസ് പാക്കേജിന്’ സമാനമായിരിക്കും ഇതിന്റെ ആനുകൂല്യങ്ങൾ.
മൈക്രോസോഫ്റ്റിലെ വിവിധ സീനിയോറിറ്റി തസ്തികകളെ സൂചിപ്പിക്കുന്ന ലെവൽ 70-ഉം അതിനു താഴെയുമുള്ള ജീവനക്കാർക്കാണ് ഈ വോളന്ററി എക്സിറ്റ് ഓഫർ ലഭ്യമാവുക എന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് പീപ്പിൾ ഓഫിസറുമായ ആമി കോൾമാൻ വ്യക്തമാക്കി. തെരഞ്ഞെടുത്ത നാലു രാജ്യങ്ങളിലെ ബന്ധപ്പെട്ട ടീമുകളിൽ ലഭ്യമാക്കിയിട്ടുള്ള ഈ പദ്ധതി, കന്പനിക്കു പുറത്ത് കൂടുതൽ അവസരങ്ങൾ തേടാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് കൂടുതൽ ഇളവുകളും സൗകര്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പരിമിതകാല പദ്ധതിയാണിത്.
2026ൽ രണ്ടാം തവണ
ഈ വർഷം മൈക്രോസോഫ്റ്റ് ജീവനക്കാർക്കായി നൽകുന്ന രണ്ടാമത്തെ സ്വമേധയാ വിരമിക്കൽ പദ്ധതിയാണ്. ഏപ്രിൽ മാസത്തിൽ, കന്പനി തങ്ങളുടെ യുഎസ് ജീവനക്കാരുടെ ഏഴ് ശതമാനത്തോളം പേർക്ക് സ്വമേധയാ മുൻകൂട്ടി വിരമിക്കാനുള്ള അവസരം നൽകിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് ജൂലൈയിൽ 4800 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.
കന്പനിയുടെ റിപ്പോർട്ടുകൾ പ്രകാരം 2025 അവസാനത്തിൽ 2,28,000 ജീവനക്കാരുണ്ടായിരുന്ന മൈക്രോസോഫ്റ്റിൽ, ഈ വർഷം ജൂണ്‍ അവസാനത്തോടെ ആഗോളതലത്തിൽ 2,23,000 ജീവനക്കാരായി കുറഞ്ഞിട്ടുണ്ട്.
മൈക്രോസോഫ്റ്റിലെ ആകെയുള്ള ജീവനക്കാരുടെ 27 ശതമാനത്തോളം പേർക്ക് ഈ പുതിയ സ്വയം വിരമിക്കൽ പദ്ധതിക്ക് അർഹതയുണ്ട്.
ഇന്ത്യയിൽ നിക്ഷേപം തുടരും
ഇന്ത്യയിലെ പ്രതിഭകളിലും സാങ്കേതിക മേഖലയിലും മൈക്രോസോഫ്റ്റ് തുടർന്നും നിക്ഷേപം നടത്തുമെന്നും 2025 മുതൽ 2029 വരെയുള്ള കാലയളവിൽ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനപ്രവർത്തനങ്ങൾ എന്നിവയിലുമായി 20.5 ബില്യണ്‍ യുഎസ് ഡോളർ നിക്ഷേപിക്കുമെന്നും വക്താവ് അറിയിച്ചു.
2030ഓടെ ഇന്ത്യയിലുടനീളമുള്ള രണ്ടു കോടി ആളുകൾക്ക് എഐ വൈദഗ്ധ്യം നൽകുമെന്ന തങ്ങളുടെ വാഗ്ദാനം പാലിക്കാനുള്ള ശ്രമങ്ങൾ കൃത്യമായി മുന്നോട്ട് പോകുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കി.