കോഴഞ്ചേരി: ഭക്തിയും വിശ്വാസവും പാരമ്പര്യവും ഗ്രാമീണ വ്യാപാര സൗന്ദര്യവും ഒത്തുചേരുന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തിന് തുടക്കമായി. പരമ്പരാഗത അവകാശികള്‍ വെള്ളിപ്പരമ്പില്‍ നവധാന്യങ്ങളും നാണയവും സമര്‍പ്പിച്ചതോടെയാണ് വൃശ്ചിക വാണിഭത്തിന് തെള്ളിയൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ തുടക്കമായത്. ഇന്നലെ രാവിലെ ചരല്‍ക്കുന്ന് മൈലാടുംപാറ മഹാദേവക്ഷേത്രത്തില്‍ നിന്നാണ് നവധാന്യങ്ങള്‍ ആഘോഷപൂര്‍വം ക്ഷേത്രത്തില്‍ എത്തിച്ചത്. ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.എസ്. ഹരിക്കുട്ടന്, സെക്രട്ടറി സി.എസ്. അനീഷ് എന്നിവര്‍ നേതൃത്വം നല്കി.
ക്ഷേത്ര മണ്ഡപത്തില്‍ തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ വാസുദേവ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍ പൈക്കര, പഞ്ചായത്ത് മെംബർ പി.എ. അനില്‍കുമാർ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി.ജി. സതീഷ്കുമാര്‍, സെക്രട്ടറി എം.ആർ. ദിലീഷ് എന്നിവര്‍ പങ്കെടുത്തു. 41 ദിവസം നീണ്ടുനില്‍ക്കുന്ന കളമെഴുത്തു പാട്ടിനും തെളളിയൂര്കാവ് പാട്ടമ്പലത്തില്‍ തുടക്കമായി. തെള്ളിയൂർക്കാവ് ക്ഷേത്രത്തോടനുബന്ധമായാണ് വൃശ്ചിക വാണിഭം. ഡിസംബർ ഒന്നുവരെയാണ് വ്യാപാരം.
തെള്ളിയൂർക്കാവ് വാണിഭത്തിൽ മാത്രം ലഭിക്കുന്ന ഉത്പന്നങ്ങൾ തേടി നിരവധിയാളുകൾ എത്താറുണ്ട്.
ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഹിന്ദു സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ തങ്ങളുടെ അധ്വാനഫലമായ വിഭവങ്ങള്‍ ദേവിക്ക് സമര്‍പ്പിക്കാനായി ക്ഷേത്രത്തിലെ കൊടിമരത്തിനുമുന്നില്‍ പായ വിരിച്ച് എത്തിച്ചിരുന്നതാണ് പില്ക്കാലത്ത് വലിയ വ്യാപാരമായി മാറിയത്. അക്കാലത്ത് പാല് സ്രാവുകൾ ഇവിടെ എത്തിച്ചിരുന്നവരുടെ പിന്തലമുറക്കാരാണ് ഒരു അനുഷ്ഠാനംപോലെ ഇവിടെ സ്രാവ് വില്പനയ്ക്കായി എത്തുന്നത്.
ഉപ്പു തൊട്ട് കർപ്പൂരെ വരെ ലഭിക്കുന്ന മേളയെന്ന പ്രത്യേകത തെള്ളിയൂർക്കാവ് വ്യാപാരത്തിനുണ്ട്. ഗൃഹോപകരണങ്ങൾ, കാർഷികോപകരണങ്ങൾ, ഫർണിച്ചറുകൾ, മെത്തകൾ, തുണികൾ, പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി തെള്ളിയൂർക്കാവിൽ ലഭിക്കാത്തതായി ഒന്നുമില്ല. വിവിധ മേഖലകളിലെ വ്യാപാരികൾ ആഴ്ചകൾക്കു മുന്‍പേ എത്തി മേളയിൽ തങ്ങൾക്കുള്ള സ്ഥലം ഉറപ്പിക്കും. കാലഘട്ടം മാറിയെങ്കിലും പഴമയുടെ ആചാരം പോലെ തെള്ളിയൂർക്കാവ് വാണിഭം ഇന്നും തുടരുകയാണ്.
ആവശ്യക്കാരേറെയും പാൽസ്രാവിന്
തെള്ളിയൂരിലെ വാണിഭത്തില്‍ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ് പാല് സ്രാവ് വിപണി. സംസ്ഥാനത്തെ ക്ഷേത്രമതിലകത്ത് സ്രാവ് വില്പന നടത്തുന്ന ഏക ദേവസ്ഥാനമാണ് തെള്ളിയൂർക്കാവ് ഭഗവതിക്ഷേത്ര മതിലകം. ഒരു കിലോ പാല്സ്രാവിന് 550 രൂപയായിരുന്നു ഇന്നലെ വില. തല ഇല്ലാത്ത സ്രാവ് ആയതിനാലാണ് ഇത്രയും വില. തലയുള്ള സ്രാവിന് 500 രൂപയാണ് വില. പാല്സ്രാവിന്റെ തല ഇല്ലാത്ത ഭാഗമാണ് ഏറെ ഔഷധഗുണമുള്ളതെന്നാണ് പരമ്പരാഗതമായ വിശ്വാസം. പാലക്കാട്-നെന്മാറ മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലത്തെ വിവിധ ജാതിവിഭാഗത്തിൽപെട്ട ആളുകള്‍ പാല്സ്രാവ് വാങ്ങുന്നതിന് എല്ലാ വൃശ്ചിക മാസത്തിലും തെള്ളിയൂരില്‍ എത്താറുണ്ട്.
പാല് സ്രാവ് ലഭിക്കുന്ന ഏക സ്ഥലവും തെള്ളിയൂര്ക്കാവാണ്. സ്രാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കാമെങ്കിലും ഫ്രീസറില്‍ വയ്ക്കരുത് എന്നാണ് വില്പനക്കാര് പറയുന്നത്. അരി കഴുകിയ വെള്ളത്തില്‍ കഴുകിയതിനുശേഷം മാത്രമേ സ്രാവ് ഉപയോഗിക്കാവൂ. അച്ചാറായും കറി വയ്ക്കുന്നതിനും വറുക്കുന്നതിനും ഇത് ഉപയോഗിക്കാം. തെള്ളിയൂരിലെ പാല് സ്രാവിന് മറ്റ് സ്രാവുകളേക്കാള്‍ രുചി കൂടുതലാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായിട്ടാണ് എല്ലാ വര്‍ഷവും തെള്ളിയൂര്‍ക്കാവില്‍ എത്തി പാല്സ്രാവ് വിൽക്കുന്നതെന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തെള്ളിയൂരി് പാല്സ്രാവ് വിൽക്കുന്ന ടെക്സ്റ്റയില്‍ വ്യാപാരി കൂടിയായ ഹരിപ്പാട് സ്വദേശി സജീവ് രാജധാനി പറഞ്ഞു. ഇവര്‍ക്കൊപ്പം വിപണനം നടത്തുന്ന പന്തളം സ്വദേശികളായ ഷെമീർ, സാജര്‍, ആദിക്കാട്ടുകുളങ്ങര സ്വദേശിയായ സാഗര്‍ എന്നിവര്‍ പരമ്പരാഗതമായ അനുഷ്ഠാനം പോലെയാണ് വിപണനം നടത്തുന്നത്.
12 സ്റ്റാളുകളാണ് ഇത്തവണ പാല്സ്രാവ് വില്പനയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്. സ്രാവിനു പുറമേ കടവരാല്, നാടന്‍ ചെമ്മീന്‍, ചൂട, പരവ എന്നിവയും ലഭ്യമാണ്. വിഴിഞ്ഞം ഹാര്‍ബർ, കുളച്ചല്‍, സംസ്ഥാനത്തിന്റെ അതിര്‍ത്തിയായ തേങ്ങാപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് സ്രാവുകൾ വില്പനയ്ക്കു സജ്ജമാക്കി എത്തിക്കുന്നത്.
30 കിലോയുള്ള ജീവനുള്ള പാല്സ്രാവ് ഉണക്കിക്കഴിഞ്ഞാല്‍ 14കിലോ വരെയാണ് തൂക്കമുണ്ടാകുക. സ്രാവിന്റെ പുറത്തെ ഗ്രിപ്പാണ് യഥാര്‍ഥ സ്രാവ് ആണോ എന്ന് തിരിച്ചറിയാനുള്ള മാർഗമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഒരു വര്‍ഷം വരെ ഉപയോഗിക്കാനുള്ള പാല്സ്രാവാണ് ഏറെപ്പേരും തെള്ളിയൂർക്കാവിൽനിന്നു വാങ്ങുന്നത്.
മേളയുടെ ക്രമീകരണങ്ങൾ പ്രഖ്യാപനം മാത്രമായി
തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തിന് ആവശ്യമായ പ്രാഥമിക സൗകര്യമൊരുക്കൽ പ്രഖ്യാപനത്തിലൊതുങ്ങി. വാണിഭത്തിന്റെ മുന്നൊരുക്കമെന്ന നിലയിൽ ഇത്തവണ പഴകുളം മധു എംഎൽഎ ഇടപെട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭ നടത്തിപ്പിന് 50 ലക്ഷത്തോളം രൂപ ലേലം ഇനത്തിൽ ദേവസ്വത്തിനു ലഭിച്ചിട്ടുണ്ട്. എന്നാൽ വ്യാപാരികൾക്ക് ആവശ്യമായ ശുചിമുറി, ഇ-ടോയ്ലെറ്റ് എന്നിവയൊന്നും നൽകിയിട്ടില്ല. ഇതിൽ ഇന്നലെ തെള്ളിയൂർക്കാവിൽ പ്രതിഷേധവുമുണ്ടായി.
പഴകുളം മധു എംഎല്‍എ, ജില്ലാ കളക്ടര്‍ എ. നിസാദ്ദീന്, തഹസീല്‍ദാർ, ത്രിതല പഞ്ചായത്ത് അധികാരികൾ, ക്ഷേത്ര ഉപദേശക സമിതി എന്നിവര്‍ സംയുക്തമായി ചേര്‍ന്ന അവലോകന യോഗത്തില്‍ ഇ-ടോയ്ലറ്റ് നല്‍കാമെന്ന് ദേവസ്വംബോര്‍ഡും വെള്ളം എത്തിക്കാമെന്നു ജലഅഥോറിറ്റിയും അറിയിച്ചിരുന്നതാണ്.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ജി. സതീഷ്കുമാര്‍, സെക്രട്ടറി എം.ആര്. ദിലീഷ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍ തൈക്കര, മെംബര്‍മാരായ പി.എ. അനില്‍കുമാർ, കുഞ്ഞുമോള്‍ പ്രഭാകരന് എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്ര വിശ്വാസികള്‍ ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം അറിയിച്ചത്. ഇ-ടോയ്ലെറ്റിനുള്ള പ്ലാസ്റ്റിക് കൂടാരം എത്തിച്ചെങ്കിലും പൈപ്പ് സ്ഥാപിക്കാത്തതിനേ ുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.