ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള പുതിയ അപ്പസ്തോലിക് നുൺഷ്യോ ആയി (വത്തിക്കാൻ സ്ഥാനപതി) ആർച്ച്ബിഷപ് ഡോ. വാൽഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഇന്നാണ് വത്തിക്കാൻ ഈ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രൊയേഷ്യയിലെ വത്തിക്കാൻ സ്ഥാനപതിയായി കഴിഞ്ഞ മാർച്ച് 13ന് സ്ഥലം മാറ്റിയ ആർച്ച്ബിഷപ് ലെയോപൊൾദെ ജിറെല്ലിയുടെ ഒഴിവിലാണു പുതിയ നിയമനം.
പോളണ്ടിലെ വീക്ബോർക്കിലാണ് 1968 ഫെബ്രുവരി ആറിനാണ് ആർച്ച്ബിഷപ് സോമർട്ടാഗ് ജനിച്ചത്. 1993 മേയ് 30-ന് പെൽപ്ലിൻ രൂപതയ്ക്കായി പൗരോഹിതം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽനിന്ന് നയതന്ത്ര പഠനവും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദ ഹോളി ക്രോസിൽനിന്ന് കാനൻ നിയമവും 2000ൽ പൂർത്തിയാക്കി.
2000 ജൂലൈ ഒന്നിന് വത്തിക്കാന്റെ നയതന്ത്ര സേവന വിഭാഗത്തിൽ പ്രവേശിച്ച അദ്ദേഹം ടാൻസാനിയ, നിക്കരാഗ്വ, ബോസ്നിയ-ഹെർസഗോവിന, മൊണ്ടിനെഗ്രോ, ഇസ്രായേൽ, പലസ്തീൻ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതൽ 2018 വരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ വിദേശകാര്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.
2018 ഫെബ്രുവരി 15-ന് ഫ്രാൻസീസ് മാർപാപ്പ അദ്ദേഹത്തെ നിക്കരാഗ്വയിലെ അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിച്ചു. തുടർന്ന് 2018 മാർച്ച് 19ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയിൽനിന്ന് അദ്ദേഹം മെത്രാഭിഷേകം സ്വീകരിച്ചു. 2022 സെപ്റ്റംബർ ആറ് മുതൽ സെനഗൽ, കേപ് വെർദെ, ഗിനിയ-ബിസൗ, മൗറിറ്റാനിയ എന്നിവിടങ്ങളിൽ നുൺഷ്യോ ആയി സേവനം അനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം.
വത്തിക്കാനും ഇന്ത്യൻ സഭയും തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും പരിശുദ്ധ സിംഹാസനവും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കുന്നതിനുമുള്ള പുതിയ ദൗത്യത്തിൽ ആർച്ച്ബിഷപ് സോമർടാഗിന് എല്ലാവിധ ആശംസകളും നേരുന്നതായി ഭാരത കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു.