പാലക്കാട്: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി, ഐഎംഎ പാലക്കാട്, പാലക്കാട് ഡയബറ്റിക് സെന്റർ, ലയണ്‍സ് ക്ലബ് ഓഫ് പാലക്കാട്, ഫോർട്ട് വാക്കേഴ്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വാക്കത്തണും സൗജന്യ മെഡിക്കൽ പരിശോധനയും പ്രമേഹ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
മേഴ്സി കോളജ്, അകത്തേത്തറ എൻഎസ്എസ് എൻജിനീയറിംഗ് കോളജ്, പത്തിരിപ്പാല സദനം കുമാരൻ കോളജ്, ഒറ്റപ്പാലം എൻഎസ്എസ് കോളജ്, ആലത്തൂർ ശ്രീനാരായണ കോളജ് എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വാക്കത്തണിൽ വിദ്യാർഥികളും വിവിധ സംഘടനാ പ്രതിനിധികളും ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും ഉൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുത്തു.
രാവിലെ പാലക്കാട് ഫോർട്ട് മൈതാൻ കവാടത്തിൽ നിന്ന് ആരംഭിച്ച വാക്കത്തണ്‍ പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി ഫിറോസ് എം. ഷഫീഖ് ഫ്ലാഗ് ഓഫ് ചെയ്തു. ട്രിനിറ്റി ഹെൽത്ത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുനിൽ ശ്രീധർ, ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി ചീഫ് മെഡിക്കൽ ഡയറക്ടർ ഡോ. മൃദുല സുനിൽ, പാലക്കാട് ഡയബറ്റിക് സെന്ററിലെ പ്രമേഹരോഗ വിദഗ്ധൻ ഡോ.എ.പി. രാധാകൃഷ്ണൻ, ഐഎംഎ പാലക്കാട് മുൻ പ്രസിഡന്റ് ഡോ.എൻ.എം. അരുണ്‍, പ്രസിഡന്റ് ഡോ. നാരായണൻകുട്ടി, സെക്രട്ടറി, യൂറോളജിസ്റ്റ് ഡോ. പ്രവീണ്‍ദാസ്, ഫോർട്ട് വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് റിട്ട. ഡിവൈഎസ്പി കാസിം, സെക്രട്ടറി അഡ്വ.ടി.എസ്. രാജേഷ് കുമാർ, ലയണ്‍സ് ക്ലബ് ഓഫ് പാലക്കാട് പ്രസിഡന്റ് സാബു പി. മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഫോർട്ട് മൈതാൻ കവാടത്തിൽ നിന്ന് ആരംഭിച്ച വാക്കത്തോണ്‍ ഐഎംഎ ഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനവും പ്രമേഹ ബോധവത്കരണ ക്ലാസും ജില്ലാ കളക്ടർ കെ. സുധീർ ഉദ്ഘാടനം ചെയ്തു.