മുംബൈ: ഐഐടി ബോംബെ ഹോസ്റ്റൽ മുറികളിലെ സീലിംഗ് ഫാനുകൾ മാറ്റി ഭിത്തിയിലുറപ്പിക്കുന്ന ഫാനുകൾ (വാൾ മൗണ്ടഡ് ഫാനുകൾ) സ്ഥാപിക്കാന്നു. സെപ്റ്റംബർ 18-ന് ഐഐടി ബോംബെയിലെ ഹോസ്റ്റൽ മുറിയിൽ ബി.ടെക് വിദ്യാർഥി സാനിൽ വകോഡെയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഇതേ തുടർന്ന് കാമ്പസിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
സീലിംഗ് ഫാനുകൾ മാറ്റുന്നത് സംബന്ധിച്ച ആലോചനകൾ കഴിഞ്ഞ രണ്ടു മാസമായി നടന്നു വരികയായിരുന്നുവെന്നു അധികൃതർ അറിയിച്ചു. ജൂലൈയിൽ വിദ്യാർഥികൾക്ക് നൽകിയ ഉറപ്പുകളുടെ ഭാഗമായാണ് ഫാനുകൾ മാറ്റി സ്ഥാപിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അടുത്തിടെയുണ്ടായ വിദ്യാർഥികളുടെ മരണവുമായി ഇതിന് ബന്ധമില്ലെന്നും മുൻകുട്ടി നിശ്ചയിച്ച ഹോസ്റ്റൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫാനുകൾ മാറ്റിയതെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.