പുഴക്കാട്ടിരി: അങ്ങാടിപ്പുറം-കോട്ടക്കൽ പാതയിലെ അങ്ങാടിപ്പുറം-ചെറുകുളമ്പ് റോഡിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുഴക്കാട്ടിരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർക്ക് നിവേദനം നൽകി.
മതിയായ മുന്നറിയിപ്പ് ബോർഡുകളില്ലാത്തതിനാൽ വാഹനങ്ങൾ അമിതവേഗത്തിൽ സഞ്ചരിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നു. അങ്ങാടികൾ, വിദ്യാലയങ്ങൾ, മദ്രസകൾ, ഓഫിസുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഈ റോഡിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ വേഗപരിധി ബോർഡുകളും അപകടസാധ്യതയുള്ള വളവുകൾ സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും അടിയന്തരമായി സ്ഥാപിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.