വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയ പാർട്ടികളുടെ പരമ്പരാഗത രീതികൾക്കും ചട്ടക്കൂടുകൾക്കും വിധേയമായിട്ടല്ലല്ലോ. പാർട്ടി രാഷട്രീയത്തിന്റെ കൗശലങ്ങൾക്കും ഗിമ്മിക്കുകൾക്കും ഒത്തുതീർപ്പിനും അപ്പുറത്തുള്ള വിസ്മയങ്ങൾ ജനാധിപത്യത്തിൽ സാധ്യമാണെന്നുള്ള ഒരു ഓർമപ്പെടുത്തൽകൂടിയാണ് ഇത്തരം സന്ദർഭങ്ങൾ.
ജനാധിപത്യം ജനങ്ങളുടെ അഭിലാഷങ്ങൾക്കനുസരിച്ചുള്ള അനവധിയായ സാധ്യതകളുടെ, വിസ്മയങ്ങളുടെ ഭരണ സംവിധാനമാണെന്നുള്ളതാണ്. പ്രസിദ്ധ ഫ്രെഞ്ച് ചിന്തകനായ ദെരിത (Derrida) ‘വരാനിരിക്കുന്ന ജനാധിപത്യ’ത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത്, ജനാധിപത്യം എന്നത് പൂർണമായി കൈവരിക്കാൻ കഴിയുന്ന ഒരു ഭരണവ്യവസ്ഥയല്ല; മറിച്ച്, നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കേണ്ട, ഒരിക്കലും അവസാനിക്കാത്ത ഒരു ലക്ഷ്യമാണ്, വാഗ്ദാനമാണ് എന്നാണ്. കാരണം, ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ഭരിക്കുന്ന യഥാർഥ ജനാധിപത്യം എല്ലാവർക്കും സമ്പൂർണ സമത്വവും പരിപൂർണ സ്വാതന്ത്ര്യവും ആവശ്യപ്പെടുന്നു. ദൗർഭാഗ്യവശാൽ ജനാധിപത്യത്തെ പാർട്ടി രാഷ്ട്രീയമായി ചുരുക്കിയാണ് മനസിലാക്കപ്പെടുന്നത്. അതിനൊരു അപവാദമായിരുന്നു ഇത്തവണത്തെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പെന്നു പറയാം.
സതീശന്റെ തീരുമാനം സ്വാഗതാർഹം
ഇത്തരം ജനാധിപത്യ സാധ്യതയ്ക്കു യോജിച്ച ചുരുക്കം ചില ഗുണങ്ങളെങ്കിലും ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചു എന്നുള്ളതാണ്. അതിലൊന്ന് സതീശന്റെ രാഷ്ട്രീയം ജീവിതമാർഗമല്ല; മറിച്ച്, ജനസേവനമാണെന്ന താഴെ കൊടുക്കുന്ന പ്രസ്താവനയാണ്. “ഞങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിർവചനംതന്നെ മാറ്റാൻ പോവുകയാണ്. രാഷ്ട്രീയ പ്രവർത്തനം എന്നത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്നതിനുമുള്ള ഒരു സമർപ്പണമായിരിക്കണം എന്ന് ഞാൻ പ്രത്യാശിക്കുന്നു.
ഞങ്ങൾ ആ നിർവചനം മാറ്റിയെഴുതുകതന്നെ ചെയ്യും, ഒപ്പം നല്ലൊരു ഭരണം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.” മറ്റൊരു സന്ദർഭത്തിൽ മഹിളാ മോർച്ചയുടെ സമരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, “ആദ്യ മന്ത്രിസഭാ യോഗം ചേരുന്നതിന് മുൻപു തന്നെ, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കിയില്ല എന്ന് ആരോപിച്ച് സമരം നടത്തുന്നത് രാഷ്ട്രീയ പ്രവർത്തകരെ പൊതുജനങ്ങൾക്ക് മുന്നിൽ വെറും പരിഹാസപാത്രങ്ങളാക്കി മാറ്റാൻ മാത്രമേ ഉപകരിക്കൂ. ഇത്തരം ബാലിശമായ സമരങ്ങൾ രാഷ്ട്രീയ നേതൃത്വത്തിന്റെ സാമാന്യബോധത്തെ ജനങ്ങൾ ചോദ്യംചെയ്യാൻ ഇടയാക്കും.” മറ്റൊന്ന് ജനങ്ങളെ വർഗീയമായി വിഭജിക്കുന്നതിനെതിരേയുള്ള പ്രസ്താവനയാണ്. എന്തായാലും ജനധിപത്യത്തിന്റെ അന്തഃസത്ത ഉൾകൊള്ളാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സ്വാഗതം ചെയ്യേണ്ടതാണ്.
അതുപോലെതന്നെ പ്രധാനമാണ് അദ്ദേഹത്തിന്റെ കൂടെയുള്ള മന്ത്രിമാരും ജനപ്രതിനിധികളും ഇത് ഉൾകൊള്ളാൻ ശ്രമിക്കുന്നത്. നിർഭാഗ്യവശാൽ വകുപ്പ് വിഭജനത്തെക്കുറിച്ചും മന്ത്രിസ്ഥാനത്തെക്കുറിച്ചുമൊക്കെയുണ്ടായ തർക്കങ്ങൾ ഈ അന്തഃസത്തയ്ക്ക് വിരുദ്ധമാണ്. രാഷ്ട്രീയം ജനസേവനമെങ്കിൽ, ഏതു വകുപ്പും അതിനായി ഉപയോഗിക്കാമല്ലോ. എന്തായാലും പലരും ഏതെങ്കിലും പ്രത്യേക വകുപ്പ് കൈകാര്യം ചെയ്യാനുള്ള ഔദ്യോഗിക യോഗ്യതകൾ ഉള്ളവരല്ല. ആകെയുള്ളത് പാർട്ടി-രാഷ്ട്രീയ അനുഭവമാണ്. അപ്പോൾ പ്രത്യേക വകുപ്പുകൾക്കായി ലക്ഷ്യംവയ്ക്കുന്നതിൽ ദുഃസൂചനയില്ലേ? എന്തായാലും സതീശൻ മുന്നോട്ടുവയ്ക്കുന്ന ജനധിപത്യ സംസ്കാരത്തോടും മര്യാദകളോടും കൂടെയുള്ളവർ സഹകരിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്, ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്. ജനങ്ങൾ കൂടെയുണ്ടെന്നും നിരീക്ഷിക്കുന്നുണ്ടെന്നും മനസിലാക്കേണ്ടതുമാണ്.
ലഭിച്ച അവസരം പാഴാക്കരുത്
ഗ്രൂപ്പ് കളിച്ചും തർക്കിച്ചും കക്ഷിരാഷ്ട്രീയം കളിച്ചും ജനങ്ങൾ തന്ന അവസരം പാഴാക്കിയാൽ, അതേ ജനങ്ങളെയാണ് വീണ്ടും നേരിടേണ്ടിവരിക എന്ന് നേതാക്കൾ ഓർക്കുന്നത് നല്ലതാണ്. ജനാധിപത്യം എന്നുള്ളത് ഇത്തരക്കാർ എത്ര ശ്രമിച്ചാലും കക്ഷിരാഷ്ട്രീയ നീക്കുപോക്കുകളിൽ ഒതുക്കാമെന്നു ചിന്തിക്കുന്നത് മൗഢ്യമാണ്; അതിന് അഞ്ചു വർഷത്തെ ആയുസേയുള്ളൂവെന്ന് മനസിലാക്കേണ്ട സമയം അതിക്രമിച്ചു. അല്ലാത്ത പക്ഷം ഇപ്പോഴത്തെ കക്ഷിരാഷ്ട്രീയംതന്നെ അപ്രത്യക്ഷമാകുമെന്നും പുതിയ രാഷ്ട്രീയ പാർട്ടിതന്നെ ഉണ്ടാകുമെന്നും തമിഴ്നാട് പോലെയുള്ള അനുഭവങ്ങൾ മുന്നറിയിപ്പ് തരുന്നു. ജനധിപത്യത്തിൽ ഒന്നിനെയും തടഞ്ഞുനിർത്താനാവില്ല.