മുണ്ടക്കയം: മുണ്ടക്കയം-എരുമേലി റോഡിൽ കരിനിലത്തിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ഹോട്ടലിൽ നിന്നുള്ള മലിനജലം സമീപത്തെ കിണറുകളിലേക്ക് എത്തുന്നതായാണ് നാട്ടുകാരുടെ പരാതി. സ്വകാര്യ ഹോട്ടലിൽനിന്നുള്ള മലിനജലം ഓടയിലേക്ക് ഒഴുകുകയും ഇതു പിന്നീട് സമീപത്തെ കിണറുകളിലേക്ക് വ്യാപിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഇതേത്തുടർന്ന് പ്രദേശവാസികളായ എം.എ. ദിലീപ് മുളംകുന്നുപുതുപ്പറമ്പിൽ, ജയകുമാർ വാഴവേലിൽ, തോമസ് കാരക്കട്ട്, സജി വാഴേപറമ്പിൽ എന്നിവരുടെ കിണറുകൾ ഉപയോഗശൂന്യമായി.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കിണറ്റിലെ ജലം കലങ്ങിയ നിലയിൽ കാണപ്പെടുന്നത്. പിന്നീട് വെള്ളത്തിന് ദുർഗന്ധവും കിണറ്റിലെ വെള്ളം ഉപയോഗിച്ച പ്രദേശവാസികൾക്ക് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. പിന്നീട് പലതവണ കിണറുകൾ ശുചീകരിച്ചെങ്കിലും വീണ്ടും മലിനജലം കിണറ്റിലേക്ക് ഒഴുകി എത്തുകയായിരുന്നു. ഇതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിലെ മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഹോട്ടൽ ഉടമയെ പ്രദേശവാസികൾ നേരിൽ കണ്ട് പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിച്ചു.
എന്നാൽ, രണ്ടു ദിവസത്തെ താത്കാലിക നവീകരണത്തിന് ശേഷം വീണ്ടും ഹോട്ടൽ തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ സമാനമായ രീതിയിൽ കിണറുകളിലേക്ക് മലിനജലം എത്തുകയായിരുന്നുവെന്ന് പ്രദേശവാസിയായ ജയകുമാർ വാഴവേലിൽ പറഞ്ഞു. ഇതോടെ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പൊലിസിലും നാട്ടുകാർ പരാതി നൽകി. പിന്നീട് നടത്തിയ പരിശോധനയിൽ കിണറുകളിലെ വെള്ളത്തിൽ കോളിഫാം ബാക്ടീരിയയുടെ അളവ് ക്രമാതീതമായ നിലയിൽ വർധിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്നും നടപടികൾ ഉണ്ടാകാതെ വന്നതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിലവിൽ പ്രദേശത്തെ അഞ്ചോളം കിണറുകൾ പൂർണമായും ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലാണ്. കുടിക്കുന്നതിനും വീട്ടാവശ്യങ്ങൾക്കും ഇപ്പോൾ മറ്റ് സ്ഥലങ്ങളിൽ നിന്ന് വെള്ളം എത്തിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് പ്രദേശവാസിയായ ദിലീപ് പറഞ്ഞു.പ്രദേശവാസികൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് മുണ്ടക്കയം പൊലിസും പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു അടക്കമുള്ള ജനപ്രതികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും സ്ഥലത്തെത്തി.
പ്രാഥമിക പരിശോധനയിൽ മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഒരു മാസത്തേക്ക് ഹോട്ടൽ പ്രവർത്തിക്കുന്നതിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. മതിയായ പരിശോധനകൾ നടത്തി മലിനജലം സമീപത്തേക്ക് വ്യാപിക്കാത്ത രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് ഉറപ്പായതിനുശേഷം പ്രവർത്തന അനുമതി നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം.
അതേസമയം, നിയമം അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കുന്നില്ലെന്നുമാണ് ഹോട്ടൽ ഉടമ അവകാശപ്പെടുന്നത്.