ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സ്റ്റേഡിയങ്ങളിൽ ആരാധകർ വാട്ടർ ബോട്ടിലുകൾ കൊണ്ടുവരുന്നതിൽ ഫിഫ നിയന്ത്രണം ഏർപ്പെടുത്തി.
നേരത്തെ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം നയം മാറ്റി പൂർണ നിരോധനം കൊണ്ടുവന്നു.
സുരക്ഷാ കാരണം
കളിക്കാർക്കും കാണികൾക്കും പരിക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് തീരുമാനമെന്ന് ഫിഫ റോയിട്ടേഴ്സിനോട് വ്യക്തമാക്കി.
ബോട്ടിലുകൾ എറിഞ്ഞാൽ ഉണ്ടാകാവുന്ന അപകടസാധ്യത കണക്കിലെടുത്താണ് കുപ്പികൾ, കാൻ, ജാറുകൾ എന്നിവയ്ക്ക് നിരോധനമെന്ന് ഫിഫ അറിയിച്ചു.
എന്ത് കൊണ്ടുവരാം, എന്ത് പാടില്ല
അനുവദിക്കില്ല: ഹാർഡ് സൈഡഡ്, റീയൂസബിൾ വാട്ടർ ബോട്ടിലുകൾക്ക് പൂർണ നിരോധനം.
അനുവദിക്കും: അമേരിക്കയിലും കാനഡയിലും നടക്കുന്ന മത്സരങ്ങളിൽ 20 ഔൺസ് (590 എംഎൽ) വരെ ശേഷിയുള്ള, ഫാക്ടറി സീൽ ചെയ്ത, സോഫ്റ്റ് പ്ലാസ്റ്റിക് ഡിസ്പോസബിൾ വാട്ടർ ബോട്ടിൽ ഒരെണ്ണം കൊണ്ടുവരാം.
മെക്സിക്കോയിലെ വേദികളിൽ ഈ ഇളവ് ബാധകമല്ല.
ആരാധകർക്ക് സൗജന്യ കുടിവെള്ളം
സ്റ്റേഡിയങ്ങളിൽ ആരാധകർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുമെന്ന് ഫിഫ ഉറപ്പുനൽകിയതായി ഇംഗ്ലീഷ് ടീമിന്റെ ഫാൻസ് അസോസിയേഷനായ "ഫ്രീ ലയൺസ്' അറിയിച്ചു.
മിസ്റ്റിംഗ് സ്റ്റേഷനുകൾ, ഫാനുകൾ, ഹൈഡ്രേഷൻ സ്റ്റേഷനുകൾ, കൂളിംഗ് ടെന്റുകൾ എന്നിവ സ്റ്റേഡിയത്തിന് പുറത്ത് ഒരുക്കുമെന്നും ഫിഫ വ്യക്തമാക്കി.
ചൂട് വലിയ വെല്ലുവിളി
കഴിഞ്ഞ വർഷത്തെ ക്ലബ് ലോകകപ്പിൽ കടുത്ത ചൂടിനെക്കുറിച്ച് കളിക്കാരും കോച്ചുമാരും പരാതിപ്പെട്ടിരുന്നു. ഇത്തവണയും 16 വേദികളിൽ 11-ലും മേൽക്കൂര ഇല്ലാത്തതിനാൽ താപനില 26-28 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
104 മത്സരങ്ങളിൽ 26 എണ്ണം അത്യുഷ്ണത്തിൽ നടക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
കളിക്കാർക്ക് കൂളിംഗ് ബ്രേക്ക്
ചൂട് കണക്കിലെടുത്ത് കളിക്കാർക്കായി ഓരോ പകുതിയിലും 22-ാം മിനിറ്റിൽ മൂന്ന് മിനിറ്റ് വീതം കൂളിംഗ് ബ്രേക്ക് അനുവദിക്കും. സൈഡ് ലൈനുകളിൽ എയർ കണ്ടീഷണറുകളും സ്ഥാപിക്കും.
വെള്ളത്തിന് വില കൂട്ടില്ല
സ്റ്റേഡിയത്തിനുള്ളിൽ വിൽക്കുന്ന വെള്ളത്തിന്റെ വില മറ്റ് ഇവന്റുകളിലെ നിരക്കിന് തുല്യമായിരിക്കുമെന്നും ഫിഫ പങ്കാളിയായ കൊക്കകോളയുടെ ദസാനി ബ്രാൻഡ് വെള്ളം ലഭ്യമാക്കുമെന്നും ഫിഫ അറിയിച്ചു.
ലോകകപ്പ് തുടങ്ങുന്നത് വ്യാഴാഴ്ച
48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് വ്യാഴാഴ്ച മെക്സിക്കോ സിറ്റിയിൽ തുടങ്ങും. ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ജൂലൈ 19ന് ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ.