മൂന്നാര്‍: മണ്‍സൂണ്‍ സീസണില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാതെ വന്നതോടെ മൂന്നാര്‍ കടുത്ത ജലക്ഷാമത്തിലേക്ക്. മൂന്നാറില്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന മാട്ടുപ്പെട്ടി ഡാമിലെ ജലനിരപ്പ് ഓരോ ദിവസവും കുറയുന്നത് ഗുരുതര പ്രതിസന്ധിയാണ് ഉയര്‍ത്തുന്നത്. ആകെയുള്ള സംഭരണശേഷിയുടെ 21.5 ശതമാനം മാത്രം വെള്ളമാണ് ഡാമില്‍ ഇപ്പോഴുള്ളത്. 83.35 മീറ്റര്‍ ഉയരമുള്ള ഡാമിന്റെ ജലനിരപ്പ് ഇനിയും കുറഞ്ഞാല്‍ മൂന്നാര്‍ കടുത്ത ജലക്ഷാമാണ് ഉണ്ടാകുക.
മാട്ടുപ്പെട്ടിയില്‍നിന്ന് ഒഴുകിയെത്തുന്ന പുഴയില്‍നിന്നു ഗ്രാംസ്ലാന്ഡ് ഭാഗത്തുള്ള ടാങ്കില്‍ ശേഖരിച്ചാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നത്. ഡാമില്‍ വെള്ളമില്ലാതായാല്‍ ഈ ടാങ്കിലേക്ക് വെള്ളം സംഭരിക്കാന്‍ സാധിക്കാതെവരികയും കുടിവെള്ള വിതരണം നടത്താനാകാതെ വരികയും ചെയ്യും. ഇത്തരത്തില്‍ സംഭവിച്ചാല്‍ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ പ്രതിസന്ധിയിലാകുന്നത്.
കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായതിനാല്‍ കേരളത്തില്‍ ലഭിക്കുന്ന മണ്‍സൂണ്‍ മഴയ്ക്കു പുറമേ തമിഴ്നാടില്‍ ലഭിക്കുന്ന മഴയെക്കൂടി ആശ്രയിച്ചാണ് ഡാമില്‍ വെള്ളം നിറയുന്നത്. എന്നാല്‍, ഇത്തവണ തമിഴ്നാട്ടില്‍ കാര്യമായ മഴ ലഭിക്കാത്തതും തിരിച്ചടിയായി. മാട്ടുപ്പെട്ടി ഡാമില്‍ വെള്ളമെത്തിക്കുന്ന കുണ്ടള ഡാമിലും കടുത്ത പ്രതിസന്ധിയുണ്ട്. ആകെയുള്ള സംഭരണ ശേഷിയുടെ 49.35 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. മണ്‍സൂണ്‍ കാലത്ത് പ്രതീക്ഷിച്ച മഴ ലഭിക്കാതെ പോയതാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലഭിക്കേണ്ട മഴയുടെ പാതിപോലും ഇത്തവണ ലഭിച്ചില്ല. ജൂണില്‍ ശരാശരി 264 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ 84.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. മഴ ഏറ്റവും ഉയര്‍ന്ന തോതില്‍ പെയ്യുന്ന ജൂലൈയില്‍ ശരാശരി 398 മില്ലിമീറ്റര്‍ ലഭിക്കേണ്ടയിടത്ത് 102 മില്ലിമീറ്റര്‍ മഴയാണ് ആകെ ലഭിച്ചത്. ഓഗസ്റ്റില്‍ ശരാശരി 268 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടപ്പോൾ 135.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഡാമില്‍ വെള്ളം കുറയുന്നതോടെ വരുംനാളുകളില്‍ ബോട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടി വരും.