ചെറുതോണി: ജലവിഭവ വകുപ്പിനെ ജനക്ഷേമ വകുപ്പാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അഡ്വ. ഡീൻ കുര്യാക്കോസ് എംപി നൽകുന്ന ഇടുക്കി നിയോജക മണ്ഡലം എംപീസ് എക്സലൻസ് അവാർഡ് വിതരണം ചെറുതോണി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽനിന്നും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് വർഷംതോറും വിദേശ രാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്നത്. ഇതിനു ശാശ്വത പരിഹാരമുണ്ടാക്കുന്നതിനു വി.ഡി. സതീശൻ സർക്കാർ ലോകരാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റാൻ ശ്രമിക്കുകയാണെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
ഇടുക്കി നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 460 വിദ്യാർഥികളെയാണ് ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചത്. അഡ്വ. ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു. റോയി കെ. പൗലോസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ സന്ദ്രാമോൾ ജിന്നി, എ.പി. ഉസ്മാൻ, മിനി സാബു, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ഷൈനി സജി, ജിപ്സി ജിന്നി, വിനോദ് ജോസഫ്, കോമളം മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.