വെള്ളറട: ശക്തമായ വേനലില്‍ പ്രദേശത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോള്‍, കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി ദിവസങ്ങളായി വെള്ളം പാഴാകുന്നു. ആനപ്പാറ ജംഗ്ഷനില്‍ ഹോമിയോ ആശുപത്രിക്ക് സമീപത്താണ് ദിവസങ്ങളായി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.
പദ്ധതിയെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്. ഇക്കാര്യം ജീവനക്കാരെ അറിയിച്ചുവെങ്കിലും പരിഹാരമായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വാട്ടർ അഥോറിറ്റിയുടെ കെടുകാര്യസ്ഥതമൂലം കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുന്ന നിലയിലേക്കു പലരും എത്തിയിരിക്കുകയാണ്. പ്രദേശത്തെ കുന്നുകൾ ഇടിച്ചുമാറ്റുന്നതും അനധികൃത പാറഖനനവും ഭൂമിയിൽ ജലനിരപ്പു താഴാൻ കാരണമാകുന്നതായും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
വെള്ളറടയിലെ കളത്തറ പാടശേഖരം പൂര്‍ണമായും വറ്റിവരളുകയാണ്. തോടുകള്‍ പൂര്‍ണമായും ഉണങ്ങിയ നിലയിലാണ്. കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറുകളില്‍ വെള്ളത്തിന്റെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ പ്രദേശം വറുതിയുടെ പിടിയിലായിരിക്കുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
പ്രതികരണം
പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. മഴവെള്ളം സംഭരിച്ചു നിര്‍ത്താനുള്ള സൗകര്യം പ്രദേശങ്ങളിലുണ്ടാകണം. ഭൂഗര്‍ഭജലം നിലനിര്‍ത്തുന്നതിന് പ്രദേശത്ത് മഴക്കുഴികള്‍ സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമാണെങ്കിലും ഇതിനെ ക്രമപ്പെടുത്തുന്നതിനു വാട്ടര്‍ അഥോറിറ്റി യാതൊരു നടപടിയുമെടുക്കുന്നില്ല. കുടിവെള്ളം നൽകിയില്ലെങ്കിലും വാട്ടർ ബില്ല് കൃത്യമായി വരുന്നുണ്ട്. പരാതി പറഞ്ഞിട്ടും കാര്യമില്ലാത്തതിനാൽ ഗുണഭോക്താക്കൾ പദ്ധതിയിൽനിന്നു പിന്മാറാൻ ഇടയാക്കുന്നുണ്ട്.
\നെല്‍സണ്‍ വൈദ്യര്, പൊതുപ്രവര്ത്തകൻ