ആലപ്പുഴ: കേന്ദ്ര ടൂറിസം പദ്ധതിയായ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡിന്റെ ആദ്യഘട്ടമായി ആലപ്പുഴ ബീച്ചില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 30ഓടെ പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന്റെ ഉറപ്പ്. മൂന്നാം ഘട്ടമായ ബോട്ട് ഹൗസ് ടെര്‍മിനലിന്റെ നിര്‍മാണത്തിലെ കാലതാമസം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കഴിഞ്ഞദിവസം കെ.സി. വേണുഗോപാല്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ടൂറിസം മന്ത്രി ഉറപ്പുനല്‍കി.
ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡിന്റെ നിര്‍മാണച്ചുമതലയുണ്ടായിരുന്ന ഊരാളുങ്കല്‍ സൊസൈറ്റി സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്നാണ് യോഗം വിളിക്കാന്‍ കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടത്. പദ്ധതിയുടെ പ്രധാനഘട്ടമായ കനാലുകളുടെ സൗന്ദര്യവത്കരണവും പുനര്‍നിര്‍മാണവും സെപ്റ്റംബര്‍ മാസത്തിനകം പൂര്‍ത്തിയാക്കും.
വിജയ പാര്‍ക്ക് മുതല്‍ കടല്‍പ്പാലത്തിന്റെ തെക്കേ അറ്റംവരെ നീളുന്ന വിനോദസഞ്ചാര-വിശ്രമസമുച്ചയമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഇതിന്റെ നിര്‍മാണം ഇതുവരെ പത്തു ശതമാനം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ കാലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍.
കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പിലാക്കുന്ന സ്വദേശ് ദര്ശന് പദ്ധതിയില്‍ ആദ്യം ആലപ്പുഴ ജില്ലയെ ഉള്‍പ്പെടുത്തിയിരുന്നില്ല. കൊല്ലം ഉള്‍പ്പെടെ മറ്റുജില്ലകളെ പരിഗണിച്ചിട്ടും കേരളത്തിന്റെ ടൂറിസം രംഗത്ത് വലിയ സംഭാവനകള്‍ നല്കുന്ന ആലപ്പുഴയെ ഒഴിവാക്കിയതിനെതിരേ കെ.സി. വേണുഗോപാല്‍ എംപി നടത്തിയ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് സ്വദേശ് ദര്ശന് 2.0യില്‍ ആലപ്പുഴ ജില്ലയെക്കൂടി ഉള്‍പ്പെടുത്തി നൂറുകോടി രൂപയുടെ വികസന പദ്ധതിക്ക് അനുമതി ലഭിച്ചത്.
സായാഹ്ന വിശ്രമകേന്ദ്രങ്ങള്‍, നടപ്പാതകള്‍, കുട്ടികളുടെ പാര്‍ക്ക്, ഗാര്ഡന്, വയോജനസൗഹൃദ വിശ്രമകേന്ദ്രം, ഭക്ഷണശാലകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സമുച്ചയത്തില്‍ ഒരുക്കുന്നത്. നഗരഹൃദയത്തിലൂടെ ഒഴുകുന്ന 14 കിലോമീറ്റര്‍ നീളമുള്ള രണ്ട് കനാലുകളും പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
കനാലുകളുടെ ഇരുകരകളിലും പൂന്തോട്ടങ്ങള്‍, കുട്ടികളുടെ പാര്‍ക്കുകള്‍, വിശ്രമസൗകര്യങ്ങള്‍, വിശാലമായ പുല്‍ത്തകിടികൾ എന്നിവ ഒരുക്കും. സായാഹ്നങ്ങളില്‍ ശിക്കാര വള്ളങ്ങളിലൂടെ വിനോദസഞ്ചാരികള്‍ക്ക് ആലപ്പുഴയുടെ സാംസ്കാരിക-ചരിത്ര പൈതൃകം പരിചയപ്പെടുത്തുന്ന പ്രത്യേക യാത്രകളും സംഘടിപ്പിക്കും.
വെനീസിന്റെ മാതൃകയില്‍ ആലപ്പുഴയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന രീതിയിലാണ് പദ്ധതി രൂപകല്പന ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും കനാലുകളിലൂടെ സുഗമമായ നീരൊഴുക്ക് ഉറപ്പാക്കുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു.
കനാലുകളില്‍ മാലിന്യം തള്ളുന്നത് തടയുന്നതിനും പായല്‍ ഉള്‍പ്പെടെയുള്ള ജലസസ്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ നടപ്പാക്കുന്നതിനും ടൂറിസം മന്ത്രി നിര്‍ദേശം നല്കി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആലപ്പുഴയ്ക്ക് പദ്ധതി നഷ്ടപ്പെടുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും കെ.സി. വേണുഗോപാല്‍ എംപി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
കനാലുകളില്‍ വാട്ടര്‍ സ്പോര്‍ട്സ് ആരംഭിക്കുന്നതിനും നഗരത്തിലെ തട്ടുകടകള്‍ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അവര്‍ക്കായി ഉചിതമായ പുനരധിവാസ പാക്കേജ് ഒരുക്കുന്നതിന് നടപടി ഉണ്ടാകണമെന്നും കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു.
ബോട്ട് ഹൗസ് ടെര്‍മിനലാണ് പദ്ധിയിലെ മറ്റൊര പ്രധാന ആകര്‍ഷണം. നിലവില്‍ പ്രാരംഭഘട്ടത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി വിഷ്ണുനാഥ് വ്യക്തമാക്കി. യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രങ്ങള്‍, ബോട്ട് ഉടമകള്‍ക്കുള്ള സൗകര്യങ്ങള്‍, ട്രാവല്‍ ഏജന്‍സികള്‍ക്കുള്ള കൗണ്ടറുകള്‍, ബുക്കിംഗ് കിയോസ്കുകള്‍, കാത്തിരിപ്പ് മുറികള്‍, കഫറ്റീരിയ എന്നിവ ടെര്‍മിനലിന്റെ ഭാഗമാകും.
ഹൗസ് ബോട്ടുകള്‍ക്ക് ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്തണമെന്നും ബോട്ടുകളിലെ മാലിന്യസംസ്കരണത്തിന് സമഗ്രമായ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി വട്ടക്കായലില്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലമായി ഒരുക്കും.
നെഹ്റു ട്രോഫി വള്ളംകളിയുടെ സ്റ്റാര്‍ട്ടിംഗ്-ഫിനിഷിംഗ് പോയിന്റുകളിലേക്കുള്ള റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കാമെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉറപ്പുനല്‍കി.
ആലപ്പുഴയിലെ വിവിധ ടൂറിസം വികസന പദ്ധതികളുടെ അവലോകനവും യോഗം നടത്തി. യോഗത്തില്‍ ടൂറിസം സെക്രട്ടറി കെ. ബിജു, അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.