മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം ലഭിച്ചിരുന്ന കിണറുകളിലെ വെള്ളത്തിന് പെട്ടെന്ന് പാല്നിറമായതോടെ രണ്ടു കുടുംബങ്ങള്‍ ആശങ്കയില്‍. മൂവാറ്റുപുഴ നഗരസഭ 19ാം വാര്‍ഡിലെ വരികായില് രാജേഷ്, മാറാടി പഞ്ചായത്ത് ഏഴാം വാര്‍ഡിലെ പാറത്തോട്ടിയില്‍ ബഷീര്‍ എന്നിവരുടെ കിണറുകളിലെ വെള്ളത്തിനാണ് നിറംമാറ്റം. ഇന്നലെ രാവിലെ മുതലാണ് വെള്ളത്തിന് പാല്‍നിറം പ്രത്യക്ഷപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു.
ഏതാനും മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ സ്ഥിതി ചെയ്യുന്ന കിണറുകളിലെ പെട്ടെന്നുണ്ടായ മാറ്റം കാരണം കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മറ്റു സ്രോതസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇരുകുടുംബങ്ങളും.
വിവരമറിഞ്ഞ് വാര്‍ഡ് കൗണ്‍സിലറും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ വെള്ളം ഉപയോഗയോഗ്യമാണോയെന്ന് വ്യക്തമാകൂ. അതേ സമയം സ്വാഭാവിക പ്രതിഭാസമാണോ അതോ സാമൂഹികവിരുദ്ധർ വെള്ളത്തില്‍ എന്തെങ്കിലും കലര്‍ത്തിയതാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.