തിരുവനന്തപുരം: ജലവിഭവ വകുപ്പിനു കീഴിൽ വരുന്ന വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ജലനയം രൂപീകരിക്കുമെന്നും 2027ന്റെ തുടക്കത്തിൽ നയം വരുമെന്നും ജലവിഭവമന്ത്രി മോൻസ് ജോസഫ്.
സംസ്ഥാന ജലവിഭവ വകുപ്പും വാട്ടർ അഥോറിറ്റിയും കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനാണ് സമഗ്രമായ ജലനയവും വിവിധ പരിഷ്കരണ പദ്ധതികളും നടപ്പാക്കുന്നതെന്നു പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
സമഗ്രമായ ജലനയം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് കേരള വാട്ടർ കോൺക്ലേവ് സംഘടിപ്പിക്കും. അന്താരാഷ്ട്ര ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി അടക്കമുള്ള വിദഗ്ധർ പങ്കാളികളാകും.
തലസ്ഥാന നഗരിയിൽ അരുവിക്കരയിൽനിന്നു പമ്പ് ചെയ്യുന്ന കുടിവെള്ളത്തിന്റെ പകുതിയോളം വിതരണത്തിലെത്തും മുൻപ് നഷ്ടപ്പെടുന്നതു കണ്ടെത്തി പരിഹരിക്കാൻ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൈലറ്റ് പ്രോജക്ട് ആരംഭിക്കും. വിജയിക്കുന്ന മുറയ്ക്ക് ഈ സാങ്കേതികവിദ്യ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും.
തീരദേശ മേഖലകളിൽ കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമെത്തിക്കുന്ന ഡീസാലിനേഷൻ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും രൂക്ഷമായ പോള ശല്യം പരിഹരിക്കാൻ പോള സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കുന്ന വിദേശ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. ഇത്തരം പദ്ധതികൾ പഠിച്ച് നിർദേശിക്കുന്നതിനായി വിദഗ്ധ സമിതി രൂപവത്കരിച്ചു അദ്ദേഹം പറഞ്ഞു.
കുടിവെള്ള-ഇറിഗേഷൻ പ്രശ്നങ്ങൾ പ്രാദേശികമായി പരിഹരിക്കുന്നതിന് ജനുവരി മുതൽ 140 അസംബ്ലി മണ്ഡലങ്ങളിലും എംഎൽഎമാർ ചെയർമാന്മാരായി സമിതികൾ രൂപീകരിക്കും. തദ്ദേശ ജനപ്രതിനിധികളും വാട്ടർ അഥോറിറ്റി, പിഡബ്ല്യുഡി, എൽഎസ്ജിഡി ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി പ്രതിമാസം യോഗം ചേരും. മൂന്നു മാസത്തിലൊരിക്കൽ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല അവലോകനവും ആറു മാസത്തിലൊരിക്കൽ മന്ത്രിതല അവലോകനവും നടക്കും.
വാട്ടർ അഥോറിറ്റി പൈപ്പിടാനായി വെട്ടിപ്പൊളിക്കുന്ന പിഡബ്ല്യുഡി റോഡുകൾ ഇനിമുതൽ പിഡബ്ല്യുഡിയും ഗ്രാമീണ / പഞ്ചായത്ത് റോഡുകളാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നേരിട്ട് പുനരുദ്ധരിക്കും.
റോഡ് വെട്ടിപ്പൊളിക്കുന്ന ഭാഗത്തിന്റെ പുനരുദ്ധാരണത്തിനുള്ള തുക വാട്ടർ അഥോറിറ്റി അതതു വകുപ്പുകൾക്കു കൈമാറും. ഇതുസംബന്ധിച്ചു വകുപ്പ് മന്ത്രിമാർ തമ്മിൽ ധാരണയായിട്ടുണ്ട്. ഉന്നതതല യോഗത്തിനു ശേഷം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും.
ഇറിഗേഷന്റെയും വാട്ടർ അഥോറിറ്റിയുടെയും കീഴിലുള്ള 22 ഡാമുകളിൽ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സമഗ്ര വിലയിരുത്തൽ ഡിസംബർ 31-നകം പൂർത്തിയാക്കും. ഡാം സൈറ്റുകളും കനാലുകളും വാട്ടർ ടാങ്ക് പരിസരങ്ങളും നവീകരിച്ച് ഇറിഗേഷൻ ടൂറിസം വികസിപ്പിക്കും. പൂട്ടിയിട്ടിരിക്കുന്ന മലമ്പുഴ ഉദ്യാനം അടിയന്തരമായി നവീകരിച്ച് തുറന്നുകൊടുക്കും. വകുപ്പിന്റെ ഭൂമികൾ അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ആറു മാസത്തിനകം അസറ്റ് മാപ്പിംഗ് നടത്തും. കൈയേറ്റങ്ങൾ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കും.
ഡാം, കനാൽ നവീകരണം ഒരു പ്രൊജക്റ്റ് ആയിട്ട് എടുക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുകയാണ്. കനാലുകൾ നവീകരിക്കാനും കനാലുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യാനും കനാൽ പ്രദേശങ്ങളെ ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കി ഡെവലപ് ചെയ്യാനുള്ള കർമപരിപാടി കൂടി ആവിഷ്കരിക്കുകയാണ്.
വാട്ടർ അഥോറിറ്റിയുടേതായിട്ടുള്ള സ്ഥലങ്ങൾ, ഇറിഗേഷൻ വക സ്ഥലങ്ങൾ, ഡാം സൈറ്റുകൾ, കനാൽ ഏരിയകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളെല്ലാം നവീകരിച്ചുകൊണ്ട് ജനോപകാരപ്രദമായ നിലയിലേക്കും ആ ഭൂമി മുഴുവൻ തൃപ്തികരമായി നിലനിർത്താൻ കഴിയുന്ന വിധത്തിലേക്കും ഡിപ്പാർട്ട്മെന്റിനെ സജ്ജമാക്കും.
ജൽ ജീവൻ മിഷൻ പദ്ധതികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചുവരുന്നു. കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുള്ള 8000 കോടിയോളം രൂപ ലഭ്യമാക്കാൻ കേന്ദ്ര ജലശക്തി മന്ത്രാലയവുമായി ചർച്ച നടത്തും. നബാർഡിൽനിന്നുള്ള 7000 കോടി രൂപയുടെ വായ്പ ഉപയോഗിച്ച് കരാറുകാരുടെ കുടിശിക വലിയ അളവിൽ നൽകിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം, ടെക്നോസിറ്റി തുടങ്ങിയ മേഖലകളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ മാസ്റ്റർ പ്ലാൻ രൂപീകരിക്കും. ഈ സർക്കാരിന്റെ കാലത്തുതന്നെ പൂർത്തിയാക്കും. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ 4000 കോടി രൂപയുടെ തീരദേശ സംരക്ഷണ പദ്ധതി നടപ്പാക്കും.
ചെല്ലാനം, പൊഴിയൂർ പദ്ധതികൾക്കു പുറമേ 10 പ്രധാന ഹോട്ട്സ്പോട്ടുകളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖം ബീച്ച് പുനഃസ്ഥാപിക്കാനുള്ള നടപടികളും പരിഗണനയിലുണ്ട്. രണ്ടു വർഷത്തിനുള്ളിൽ സാധ്യമാകുന്ന എല്ലാ പദ്ധതികളും പൂർത്തീകരിച്ച്, കഴിയുന്നത്ര സ്ഥലങ്ങളിൽ വെള്ളമെത്തിച്ച് കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാട്ടർ അഥോറിറ്റിയുടെയും ഇറിഗേഷൻ വകുപ്പിന്റെയും അധീനതയിലുള്ള ഗസ്റ്റ് ഹൗസുകളും ഇൻസ്പെക്ഷൻ ബംഗ്ലാവുകളും നവീകരിക്കും. ഇവ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ന്യായമായ വാടകയ്ക്ക് താമസിക്കാൻ തുറന്നുകൊടുക്കുന്നത് ആലോചിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.