കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജ് വിഷയത്തിൽ യുഡിഎഫ് നേതൃത്വം എടുത്തതായി പറയുന്ന നിലപാട് ജനവഞ്ചനയും ജനങ്ങളിൽ തെറ്റിദ്ധാരണയും വിദ്വേഷവും ജനിപ്പിക്കുന്നതാണെന്ന് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
യുഡിഎഫ് നിലപാട് തിരുത്തി ജനപക്ഷത്തു നിൽക്കണമെന്നും കോണ്ഗ്രസ് ജില്ലാ സെക്രട്ടറി പി.വി. ജോർജിന്റേതായി വന്ന റിപ്പോർട്ട് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണോ അതോ കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടേതാണോ എന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. വയനാട്ടിലെ എല്ലാ പ്രദേശത്തെയും ജനങ്ങൾക്കും ഒരുപോലെ ഒരു പ്രയോജനകരവും എത്തിപ്പെടാൻ സാധ്യവുമായ സ്ഥലമെന്ന നിലയിലാണ് ഉമ്മൻചാണ്ടി സർക്കാർ മടക്കി മലയിൽ മെഡിക്കൽ കോളജ് പ്രവൃത്തി ആരംഭിച്ചത്.
പിന്നീട് വന്ന ഇടതുപക്ഷ സർക്കാർ നിക്ഷിപ്ത താല്പര്യം മുൻനിർത്തി ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നം ഉണ്ടെന്നു വരുത്തി തീർത്ത് മടക്കിമലയിലെ ഭൂമി ഉപേക്ഷിക്കുകയായിരുന്നു. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത മാനന്തവാടിയിലെ ജില്ലാ ആശുപത്രിയെ നാമമാറ്റത്തിലൂടെ മെഡിക്കൽ കോളജാക്കി മാറ്റുകയും താത്കാലികമായി ഒരു വർഷത്തേക്ക് ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം വാങ്ങിയെടുക്കുകയും ചെയ്തു.
ഇപ്പോൾ പ്രവർത്തിച്ചു വരുന്ന മാനന്തവാടിയിലെ സ്ഥലത്ത് ഒരു നിലയ്ക്കും മെഡിക്കൽ കോളജ് തുടരാൻ സാധിക്കുകയില്ല. അതിനുള്ള സൗകര്യവും അവിടെ ഇല്ല. ഇതു സംബന്ധിച്ച് പഠനം നടത്തിയ മുൻ ജില്ലാ കളക്ടർ ഡോ. രേണു രാജ് സർക്കാരിലേക്ക് നൽകിയ റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല മെഡിക്കൽ കോളജ് പ്രവർത്തിപ്പിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് 20 ഏക്കർ സ്ഥലമെങ്കിലും വേണമെന്ന ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ ഗൈഡ്ലൈൻ നിലനിൽക്കെ 8.74 ഏക്കർ മാത്രം ഭൂമി കൈവശമുള്ള നിലവിലെ മെഡിക്കൽ കോളജിന് എങ്ങനെ തുടരാനാകും എന്നത് പി.വി. ജോർജും മാനന്തവാടി എംഎൽഎ അടക്കമുള്ള യുഡിഎഫ് നേതാക്കളും ജനങ്ങളോട് വെളിപ്പെടുത്തണം.
അന്പുകുത്തിയിലെ 28 ഏക്കർ വനഭൂമി ലഭ്യമാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷപോലും സർക്കാർ ഭാഗത്തു നിന്ന് ഇതുവരെ നൽകിയിട്ടില്ല. അപേക്ഷ നൽകിയാൽ പോലും ഇരട്ടി റവന്യു ഭൂമിയും സ്ഥലത്തുള്ള മരത്തിന്റെ മൂന്ന് ഇരട്ടി വിലയും സർക്കാർ വനം വകുപ്പിന് നൽകണം. ഇത്തരത്തിൽ സർക്കാർ കൈവശമുള്ള റവന്യു ഭൂമി നഷ്ടപ്പെടുത്തുകയും മരവില കെട്ടി വയ്ക്കുകയും ചെയ്യുന്നത് സർക്കാർ മുതൽ അന്യാധീനപ്പെടുത്തുന്നതിന് തുല്യമാണ്. ഏതു സാഹചര്യത്തിലും വനഭൂമി മെഡിക്കൽ കോളജിന് ലഭ്യമാകില്ലെന്നതാണ് യാഥാർഥ്യം.
നിലവിൽ സൗജന്യമായി ലഭിച്ച ഭൂമിയിൽ എന്തുകൊണ്ട് മെഡിക്കൽ കോളജ് സ്ഥാപിക്കാൻ സാധിക്കില്ലെന്നതും യുഡിഎഫ് വെളിപ്പെടുത്തണം.
ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പും വിദ്വേഷവും വളർത്തുന്ന തീരുമാനം യുഡിഎഫ് തിരുത്താൻ തയാറാകണം. യോഗത്തിൽ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം (എസ്എച്ച്ആർപിസി ) ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. വി.പി. എൽദോ, ഡോ.എം. ബാലകൃഷ്ണൻ ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ്, വി.പി. വാസുദേവൻ മടക്കിമല, സി.എച്ച്. സജിത് കുമാർ എന്നിവർ പ്രസംഗിച്ചു.