കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ വിപുലമായ യോഗം തെരഞ്ഞെടുപ്പിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തി.
ആക്ഷൻ കമ്മിറ്റിയിൽ അംഗങ്ങളായ വിവിധ സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പശ്ചിമഘട്ട സംരക്ഷണ സമിതി, സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം, പൂഴിത്തോട് ബദൽ റോഡ് ആക്ഷൻ കമ്മിറ്റി, വയനാട് ചേംബർ ഓഫ് കൊമേഴ്സ്, വടക്കനാട് ഗ്രാമസംരക്ഷണ സമിതി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകളുടെ പ്രതിനിധികളും കോട്ടത്തറ പഞ്ചായത്തിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരുമാണ് യോഗത്തിൽ പങ്കെടുത്തത്.
മുൻ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ വയനാട്, കാസർഗോട് മെഡിക്കൽ കോളജുകൾക്ക് മുഖ്യ പരിഗണന നൽകുമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ മെഡിക്കൽ കോളജ് സംബന്ധിച്ച കാര്യങ്ങളിൽ പുനഃപരിശോധന ഉണ്ടാകുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികളോട് ഉറപ്പു പറഞ്ഞിരുന്നതാണ്. എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരും വയനാട് മെഡിക്കൽ കോളജ് സർക്കാരിന് ചന്ദ്രപ്രഭ ട്രസ്റ്റിൽ നിന്നും ദാനമായി കിട്ടിയ ഭൂമിയിൽ കൊണ്ടുവരുന്നതിനോട് അനുകൂല നിലപാട് എടുത്തിരുന്നതാണ്.
ജില്ലയിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം ലഭിച്ചതിന് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സഹായിച്ചതായി യോഗം വിലയിരുത്തി. ജനവികാരം ഉൾക്കൊണ്ട് പുതിയ സർക്കാർ മെഡിക്കൽ കോളജ് ജില്ലാ ആസ്ഥാനമായ മടക്കിമലയിൽ സ്ഥാപിക്കുന്നതിനുള്ള സത്വര നടപടികൾ കൈക്കൊള്ളുമെന്ന് ആക്ഷൻ കമ്മിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു.
താത്കാലികമായി മാനന്തവാടിയിൽ പ്രവർത്തനാനുമതി ലഭിച്ചെങ്കിലും മെഡിക്കൽ കോളജ് തുടർന്ന് പ്രവർത്തിപ്പിക്കുന്നതിനായിട്ടുള്ള യാതൊരു നടപടിയും മുൻ സർക്കാർ ചെയ്തിരുന്നില്ല. അന്പുകുത്തിയിലെ വനഭൂമി വിട്ടുകൊടുക്കുന്നതിനുള്ള ഉത്തരവ് മുൻപ് ഇറക്കിയെങ്കിലും ഇതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായുള്ള അപേക്ഷ പോലും നൽകിയിരുന്നില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ നിന്നും വ്യക്തമാകുന്നത്.
ഈ അവസ്ഥയിൽ വയനാട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ മെഡിക്കൽ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്തിലാകുകയും തുടർ ബാച്ചുകളിലേക്കുള്ള പ്രവേശനവും അസാധ്യമാകുകയും ചെയ്യും. അതിനാൽ പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ കാര്യത്തിൽ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണം. കഴിഞ്ഞ സർക്കാരിന്റെ മുൻ ഉത്തരവ് പ്രകാരം മടക്കിമലയിലെ ഭൂമിയിൽ മെഡിക്കൽ കോളജ് തുടങ്ങുന്നതിന് നിയമപരമായോ പരിസ്ഥിതി സംബന്ധിച്ചോ യാതൊരു തടസങ്ങളും ഇല്ല.
ഈ സാഹചര്യത്തിൽ മുൻ സർക്കാരിന്റെ തെറ്റുകൾ തിരുത്തി വയനാട് മെഡിക്കൽ കോളജ് മടക്കിമല ഭൂമിയിൽ തുടങ്ങുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൽപ്പറ്റ എംജിടി ഓഡിറ്റോറിയത്തിൽ ചേർന്ന് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ സന്പൂർണ യോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി വി.പി. എൽദോ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. ഗോകുൽദാസ്, ചെയർമാൻ ഡോ. എം. ബാലകൃഷ്ണൻ, വിവിധ ആക്ഷൻ കമ്മിറ്റികളെ പ്രതിനിധീകരിച്ച് നാസീർ പാലൂർ, പി.പി. റനീഷ്, ജോണി പാറ്റാനി, പി. ബെന്നി വർക്കി തുടങ്ങിയവർ പ്രസംഗിച്ചു .