വിയന്ന: വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായും ജീവനക്കാരുടെ വിവരങ്ങൾ ചോർന്നതായും ഓസ്ട്രിയൻ വിദേശകാര്യ മന്ത്രാലയം. സൈബർ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച് കടന്നുകയറിയത് ആരാണെന്ന് സംശയിക്കുന്ന കാര്യം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
നവംബർ 12നും 13നും ഇടയിലാണ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അനധികൃത കടന്നുകയറ്റം ഉണ്ടായതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ട സമയത്താണ് സൈബർ ആക്രമണം നടന്നത്. നവംബർ 13ന് ഹാക്കിംഗ് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ അത് തടഞ്ഞതായും മന്ത്രാലയം അറിയിച്ചു. പുറത്തുനിന്നുള്ള ഒരു സേവനദാതാവ് പ്രവർത്തിപ്പിക്കുന്ന വെബ്സൈറ്റിലാണ് സൈബർ ആക്രമണമുണ്ടായത്.
വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിൽ മന്ത്രാലയത്തിന്റെ ആസ്ഥാനത്തും വിദേശത്തുള്ള നയതന്ത്ര കാര്യാലയങ്ങളിലും പ്രവർത്തിക്കുന്ന ജീവനക്കാരുടെ പേരുകളും ഔദ്യോഗിക കോൺടാക്റ്റ് വിവരങ്ങളും അടങ്ങിയ രേഖകൾ ഹാക്കർമാർ പരിശോധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് മന്ത്രാലയം സൂചനകളൊന്നും നൽകിയിട്ടില്ല.