വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ യുവതി വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലിസെത്തിയാണ് അനുപമയെന്ന 23-കാരിയെ താഴെയിറക്കി കുടുംബത്തിന് കൈമാറിയത്. നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ഗ്രാമീണരാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
സരായി ആകിൽ സ്വദേശിയായ അവധേഷ് കുമാറുമായി അനുപമയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇരുവരുടെയും ബന്ധത്തിനിടയിലേക്ക് ഒരു ഫോൺ സംഭാഷണത്തിന്റെ റിക്കാർഡിംഗ് എത്തുകയും ഇത് കടുത്ത തർക്കത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറാൻ അവധേഷ് തീരുമാനിച്ചതോടെ മാനസികമായി തകർന്ന അനുപമ, സ്വന്തം വീട്ടിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള മഖൈപൂർ ഗ്രാമത്തിലെ വാട്ടർ ടാങ്കിന് മുകളിൽ കയറുകയായിരുന്നു.
നാട്ടുകാർ എത്ര ശ്രമിച്ചിട്ടും യുവതി താഴെയിറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പൊലിസിൽ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലിസ് സംഘം മണിക്കൂറുകളോളം നടത്തിയ അനുനയ നീക്കങ്ങൾക്കൊടുവിലാണ് യുവതിയെ സുരക്ഷിതമായി താഴെയിറക്കിയത്. തുടര്ന്ന് പൊലിസ് സ്റ്റേഷനിൽ എത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം യുവതിയെ ബന്ധുക്കൾക്കൊപ്പം അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണവും തുടർനടപടികളും പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.