ഗുരുഗ്രാമിലെ തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്ന ഭീമാകാരമായ ഒരു ട്രക്കിനുള്ളിൽ അതിഥികളും പുരോഹിതനും വധൂവരന്മാരും അടങ്ങുന്ന സംഘം പരമ്പരാഗത രീതിയിൽ വിവാഹച്ചടങ്ങുകൾ നടത്തുന്നത് കണ്ട യാത്രക്കാർ അത്ഭുതത്തോടെയാണ് ആ കാഴ്ച പകർത്തിയത്.
ഒറ്റനോട്ടത്തിൽ ആഡംബര വെഡിങ് ഹാളിനെ അനുസ്മരിപ്പിക്കുന്ന വിധം മനോഹരമായ പൂക്കളും പിങ്ക് വിരികളും സ്വർണവർണത്തിലുള്ള അലങ്കാര പാനലുകളും കൊണ്ട് വാഹനം ഉള്ളിൽ നിന്ന് സജീകരിച്ചിരുന്നു.
പ്രമുഖ വസ്ത്ര ബ്രാൻഡായ റേമണ്ടിന്റെ ലോഗോ പതിപ്പിച്ച ട്രക്കിന്റെ ഒരു വശം തുറന്ന നിലയിലായതിനാൽ വഴിയാത്രക്കാർക്ക് ചടങ്ങുകൾ നേരിട്ട് കാണാൻ സാധിക്കുമായിരുന്നു.
ഗുരുഗ്രാം സാധാരണക്കാർക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന കുറിപ്പോടെ പുറത്തുവന്ന ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് ഇന്റർനെറ്റിൽ തരംഗമായത്.
ബ്രാൻഡ് പ്രൊമോഷന്റെ ഭാഗമായാണോ അതോ വിപണന തന്ത്രമാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും, ചടങ്ങിന്റെ വീഡിയോ പകർത്തിയ കാമറാമാന് പ്രത്യേക ബോണസ് നൽകണമെന്ന് തുടങ്ങി വിവാഹ ഹാൾ വാടക ലാഭിക്കാനുള്ള മികച്ച വഴിയാണിതെന്ന തരത്തിൽ രസകരമായ ഒട്ടേറെ പ്രതികരണങ്ങളാണ് ആളുകളിൽ നിന്ന് ഉയരുന്നത്.