സുൽത്താൻ ബത്തേരി: ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷാവസ്ഥ ആഗോള വിപണിയിൽ സൃഷ്ടിച്ച അനിശ്ചിതത്വം ജില്ലയിലെ സാധാരണ കുടുംബങ്ങളുടെ അടുക്കളകളിലേക്കും കടന്നു. യുദ്ധഭീതിയും ചരക്കുനീക്കത്തിലെ പ്രതിസന്ധിയും രൂപയുടെ മൂല്യത്തകർച്ചയും ചേർന്നതോടെ നിത്യോപയോഗ സാധനങ്ങളുടെവില കുത്തനെ ഉയർന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും വീട്ടുപകരണങ്ങൾക്കും ഉണ്ടായ ക്ഷാമം കുടുംബ ബജറ്റിനെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുകയാണ്.
ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെയും നഗരങ്ങളിലെയും സൂപ്പർ മാർക്കറ്റുകളിൽ മസാലപ്പൊടികൾ, ധാന്യങ്ങൾ, എണ്ണവർഗങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ വൻ വിലവർധനയാണ് രേഖപ്പെടുത്തിയത്.
സാധാരണ കുടുംബങ്ങൾ മാസച്ചെലവിനായി നീക്കിവച്ചിരുന്ന തുക തികയാതാകുന്ന സാഹചര്യമാണിപ്പോൾ.മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി തുടങ്ങിയ മസാലപ്പൊടികൾക്ക് ബ്രാൻഡ് അനുസരിച്ച് 40 രൂപ മുതൽ 100 രൂപവരെ വർധനയുണ്ടായതായി വ്യാപാരികൾ പറയുന്നു. കടല, പയർ, ഉഴുന്ന്, അരി ഉൾപ്പെടെയുള്ള ധാന്യവർഗങ്ങൾക്കും വില ഉയർന്നു. ചരക്കുനീക്കച്ചെലവും ഇറക്കുമതി ചെലവും കൂടിയതാണു പ്രധാന കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
മഴക്കാലം തുടങ്ങിയതോടെ വീടുകളിൽ ആവശ്യകത കൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ബക്കറ്റുകൾ, വെള്ളം ശേഖരിക്കുന്ന ഡ്രമ്മുകൾ, കയറുകൾ തുടങ്ങിയവയ്ക്കും വില കുത്തനെ ഉയർന്നു. ചില ഉത്പന്നങ്ങൾക്ക് 100 മുതൽ 300 രൂപവരെ വർധനയുണ്ടായതായി ഉപഭോക്താക്കൾ പറയുന്നു. പല കടകളിലും ആവശ്യത്തിന് സാധനങ്ങൾ ലഭിക്കാത്ത അവസ്ഥയുമുണ്ട്. ദിവസവേതന തൊഴിലാളികൾ, ചെറുകിട കർഷകർ, സാധാരണ വരുമാനക്കാർ തുടങ്ങിയവരാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.
വൈദ്യുതി, പാചകവാതകം, ഇന്ധനം തുടങ്ങിയ മേഖലകളിലെ ചെലവുകൾ നാളുകൾക്ക് മുന്പേ വർധിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ വിലക്കയറ്റം കുടുംബ ബജറ്റിനെ തകർക്കുന്നതായി വീട്ടമ്മമാർ പറയുന്നു.
വിലക്കയറ്റവും കുട്ടികളുടെ പഠനച്ചെലവും അപ്രതീക്ഷിത ചികിത്സയുംകൂടി കണക്കാക്കുന്പോൾ സാധാരണ കുടുംബങ്ങൾക്ക് മുന്നോട്ട് പോകാൻ പ്രയാസമാണെന്ന് ബത്തേരിയിലെ ഒരു വീട്ടമ്മ പറഞ്ഞു. ജില്ലയിലെ ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിലാണെന്ന് വ്യാപാരി സംഘടനാ ഭാരവാഹികളും പറയുന്നു.
സാധനങ്ങളുടെ വിലഉയർന്നതോടെ ഉപഭോക്താക്കൾ വാങ്ങൽ കുറയ്ക്കുന്നതും വ്യാപാരത്തെ ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ യുദ്ധസാഹചര്യം നീണ്ടാൽ വരും ദിവസങ്ങളിൽ വിലക്കയറ്റം ഇനിയും ഉണ്ടാകാനിടയുണ്ടെന്ന ആശങ്കയും വ്യാപകമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.