വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ മൂന്നാഴ്ചയായി തുടരുന്ന യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ബഹ്റൈനിലെ പ്രധാന എണ്ണക്കമ്പനിയായ ബാപ്കോയുടെ എനർജി കോംപ്ലക്സിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണം ഗൾഫ് മേഖലയെ കടുത്ത ആശങ്കയിലാക്കി. ഇസ്രയേൽ തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ അയൽരാജ്യങ്ങളെയും ലക്ഷ്യമിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിത്ര ദ്വീപിലെ റിഫൈനറിക്ക് നേരെ ആക്രമണമുണ്ടായത്.
ഡ്രോണുകളും മിസൈലുകളും ബഹ്റൈനിലെ എൽഎൻജി പ്ലാന്റുകളെയും റിഫൈനറി യൂണിറ്റുകളെയും ലക്ഷ്യമിട്ടതോടെ ബാപ്കോ എനർജി 'ഫോഴ്സ് മജൂർ' അഥവാ അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം കരാറുകൾ പാലിക്കാൻ കഴിയില്ലെന്ന ഔദ്യോഗിക ഉത്തരവിറക്കി. ഇതോടെ ബഹ്റൈനിൽ നിന്നുള്ള ഗ്യാസ്, എണ്ണ കയറ്റുമതി തടസപ്പെട്ടു. സിത്രയിലെ ജനവാസ മേഖലകളിലും മിസൈലുകൾ പതിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനയും നിർണായകമായി. ഇറാന്റെ പ്രധാന വാതകപ്പാടമായ സൗത്ത് പാഴ്സ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണം അമേരിക്കയുടെ അറിവോടെയല്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇറാൻ ഇനി മറ്റ് ഗൾഫ് രാജ്യങ്ങളെയോ നിരപരാധികളെയോ ആക്രമിക്കുന്നില്ലെങ്കിൽ, ഇസ്രയേൽ ഇനി ഇറാന്റെ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിക്കില്ലെന്ന് ട്രംപ് ഇറാന് ഉറപ്പ് നൽകി.
എന്നാൽ ഖത്തർ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ ഊർജ നിലയങ്ങൾ ഇനിയും ആക്രമിക്കപ്പെട്ടാൽ, ഇറാന്റെ മുഴുവൻ എനർജി പ്ലാന്റുകളും അമേരിക്ക തകർക്കുമെന്ന കടുത്ത മുന്നറിയിപ്പും ട്രംപ് നൽകി. "ഭ്രാന്ത് അവസാനിപ്പിക്കൂ" എന്നാണ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടത്. യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും സൗദി, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ-വാതക നിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 112 ഡോളർ കടന്നു.
ഇസ്രയേൽ ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരുന്നതും, ഇറാൻ പകരമായി ഗൾഫ് രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നതും പശ്ചിമേഷ്യയെ ഒരു മഹായുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ അനുരണനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ സൃഷ്ടിച്ചതും വലിയ നഷ്ടമാണ്. വ്യാപാരം ആരംഭിച്ച് ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഏഴ് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
Tags : Latest News Bahrain Western War