മൂന്നാർ: ടൗണിലെ സ്വകാര്യ റിസോർട്ടിൽ ഇതരസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ആസാം നഗോൺ സ്വദേശിനിയായ കവിത ബോറ (24) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജാർഖണ്ഡ് സ്വദേശി ജെഗേശ്വർ കുമാർ ദാസ് (30) അറസ്റ്റിലായി. കെഡിഎച്ച്പി കമ്പനി പെരിയവര എസ്റ്റേറ്റിലെ ചോലമല ഡിവിഷനിൽ തൊഴിലാളികളായിരുന്നു ഇരുവരും.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഭാര്യ മറ്റ് ആളുകളുമായി ഇടപഴകുന്നതിൽ സംശയമുണ്ടായിരുന്ന ഭർത്താവ് ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കൃത്യം നടത്തിയെന്നാണ് പൊലിസ് പറയുന്നത്.
ബുധനാഴ്ച രാത്രി മൂന്നാർ ടൗണിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത ഇരുവരും തമ്മിൽ രാത്രി തർക്കമുണ്ടായി. പിന്നാലെ ഭർത്താവ് കഴുത്തുഞെരിച്ചതോടെ ഭാര്യ അബോധാവസ്ഥയിലായി. ചലനമറ്റതോടെ ഭാര്യ വിഷം കഴിച്ചുവെന്നു പറഞ്ഞ് യുവാവ് സുഹൃത്തിനെ റിസോർട്ടിലേക്കു വിളിച്ചുവരുത്തി. ഇരുവരും ചേർന്നാണ് യുവതിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലിസിൽ അറിയിക്കുകയായിരുന്നു. ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ പാടുകൾ കൂടി കണ്ടതോടെ പൊലിസ് ഭർത്താവിനെ വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ വിവരം പൊലിസിനോടു സമ്മതിച്ചത്. രണ്ടു വർഷം മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.