കൂരാലി: എലിക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൃഷിനാശവും ആക്രമണവും വരുത്തിവന്ന കാട്ടുപന്നികളിൽ ഒന്ന് കിണറ്റിൽ വീണ് ചത്തു. ഇന്നലെ രാവിലെ കൂരാലി ടൗണിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർഥിനിയടക്കം നിരവധി പേർക്ക് പരിക്കേറ്റു. തേറ്റ കൊണ്ടുള്ള കുത്തിൽ സാരമായി പരിക്കേറ്റ ലോട്ടറി വ്യാപാരി പേഴത്തുമൂട്ടിൽ അജി സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
അരവിന്ദ് വിദ്യാ മന്ദിറിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ദേവ പ്രിയ, ഇളങ്ങുളം കുന്നുംപുറത്ത് ഓമന ശ്രീനിവാസൻ, ഇരുചക്ര യാത്രികൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. വിവരം അറിഞ്ഞ് എലിക്കുളം പഞ്ചായത്ത്, കൃഷി വകുപ്പധികൃതരുടെ നിർദേശമനുസരിച്ച് എം പാനൽ ഷൂട്ടർമാർ പന്നിയെ വെടിവയ്ക്കാൻ തയാറെടുപ്പുകൾ എടുത്തിരുന്നു. ഇതിനിടയിൽ വിരണ്ടോടിയ പന്നി ഇളങ്ങുളം വയലുങ്കൽ പടിക്കു സമീപം വെള്ളാപ്പള്ളിൽ റെജിയുടെ വീട്ടുവളപ്പിലെ കിണറ്റിൽ വീഴുകയായിരുന്നു. കിണർ വറ്റിച്ച ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ഇറങ്ങി വലയിലാക്കി കരയ്ക്കു കയറ്റി.
ഓണറി വൈൽഡ് ലൈഫ് വാർഡൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ്, പഞ്ചായത്തംഗങ്ങളായ ജോഷി കെ. ആന്റണി, വി.കെ. അബ്ദുൾ കരീം, ജിഷ്ണു എസ്. നായർ, സുജാത ദേവി, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, എരുമേലി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ, പൊലിസ് എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.