കാട്ടാക്കട : ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ മണ്ഡപത്തിൻകടവ്- കാട്ടാക്കട- മലയിൻകീഴ്- കുണ്ടമൺകടവ്- കരമന റോഡിന്റെ നവീകരണ പദ്ധതികൾ ഇപ്പോഴും ഫയലിൽ ഉറങ്ങുന്നു. കഴിഞ്ഞ സർക്കാർ ഈ പദ്ധതിയെ തീർത്തും അവഗണിച്ചിരുന്നു. ഭരണാനുമതി ലഭിച്ച് മാസങ്ങളായിട്ടും സ്ഥലമേറ്റെടുക്കാനുള്ള ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് പദ്ധതി നീളുകയാണ്.
റോഡ് വീതികൂട്ടുന്നതിനായി 10.46 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നേരത്തെ ഭരണാനുമതി നൽകിയത്. മുഴുവൻ ഭാഗത്തും അതിർത്തിക്കല്ലുകളും സ്ഥാപിച്ച ശേഷമാണ് പദ്ധതി പ്രതിസന്ധിയിലായത്. പൂജപ്പുര,പേയാട്,കാട്ടാക്കട,കള്ളിക്കാട്,വെള്ളറട എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി ഒഫ് കേരളയാണ് (ആർഐസികെ) പദ്ധതിയുടെ നിർവഹണ ഏജൻസി. കരമന മുതൽ കുണ്ടമൺകടവ് വരെയുള്ള ആദ്യ ഘട്ടത്തിനുള്ള 120 കോടി രൂപ ഈ വർഷം ആദ്യം അനുവദിക്കണമെന്ന് ഏജൻസി റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ തുക അനുവദിച്ചിട്ടില്ല. ആദ്യഘട്ടത്തിലുള്ളത് കരമന മുതൽ കുണ്ടമൺകടവ് വരെയുള്ള റോഡ് നിർമാണമാണ്. രണ്ടാം റീച്ച് കുണ്ടമൺകടവ് മുതൽ ഞാറവിള വരെയും മൂന്നാം റീച്ച് ഞാറവിള മുതൽ വെള്ളറട വരെയുമാണ്. റോഡ് വികസനത്തിനായി 10.4651 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതിന് നേരത്തെ റവന്യു വകുപ്പ് അനുമതി നൽകിയിരുന്നെങ്കിലും പ്രാഥമിക നടപടികൾ പൂർത്തിയായത് അഞ്ച് കി.മീ മാത്രമാണ്. മറ്റിടങ്ങളിലെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലമുടമകളും റവന്യു വകുപ്പും തമ്മിൽ തർക്കമുണ്ടായിരുന്നു. രണ്ടുവരിപ്പാത മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കിലും രണ്ടായിരത്തിലധികം വാണിജ്യ,പാർപ്പിട കെട്ടിടങ്ങൾ റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നതിനാൽ സ്ഥലമെടുപ്പ് വെല്ലുവിളിയാണ്. ഈ പദ്ധതി വന്നാൽ കാട്ടാക്കട താലൂക്കിലെ വിളപ്പിൽ, വിളവൂർക്കൽ, മലയിൻകീഴ് , പൂവച്ചൽ, മാറനല്ലൂർ, കള്ളിക്കാട്, കുറ്റിച്ചൽ, അമ്പൂരി പഞ്ചായത്തുകളിലെ വികസനത്തിലും ഇത് പ്രധാന പങ്കു വഹിക്കും. വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വളരെ പ്രയോജനകരമാണ് ഈ പദ്ധതി.