രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിണതഫലമായി "ഇനി ഒരിക്കലും ഇത് ആവർത്തിക്കരുത്’ എന്ന പ്രതിജ്ഞയോടെ 1945ൽ രൂപീകരിച്ച ഐക്യരാഷ്ട്രസഭ എൺപതാം വാർഷികം ആഘോഷിക്കേണ്ട സമയമാണ്. എന്നാൽ, അതിജീവനത്തിന്റെ നെട്ടോട്ടമാണ് ന്യൂയോർക്കിലെ ആസ്ഥാനത്ത് കാണുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിൽ, "ആസന്നമായ സാന്പത്തിക തകർച്ചയിൽ’നിന്ന് സംഘടനയെ രക്ഷിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് 193 അംഗരാജ്യങ്ങൾക്ക് ഒരു അടിയന്തര കത്ത് അയച്ചു. ജൂലൈ ആകുന്പോഴേക്കും പണം തീർന്നേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ "പാപ്പരത്തത്തിലേക്കുള്ള ഓട്ടം’ ഭരണപരമായ പ്രതിസന്ധി മാത്രമല്ല. രണ്ടാം ലോകമഹായുദ്ധാനന്തരം രൂപപ്പെട്ട ലോകക്രമംതന്നെ തകർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ്. ഒരു വശത്ത്, ലോകത്തിലെ ഏറ്റവും വലിയ സാന്പത്തിക സഹായി - അമേരിക്ക - തന്റെ ബാധ്യതകളിൽനിന്ന് പിന്മാറുന്നു. മറുവശത്ത്, ചില രാജ്യങ്ങൾ (ബ്രിക്സ് തുടങ്ങിയവ) പുതിയ ബദൽ ക്രമം കെട്ടിപ്പടുക്കുന്നു. ഈ സ്ഥിതിവിശേഷം ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളെയും ബാധിക്കും. കാരണം, യുഎൻ ഏജൻസികൾ നൽകുന്ന മാനുഷിക സഹായം, സമാധാന ദൗത്യങ്ങൾ, ആരോഗ്യ സേവനങ്ങൾ എന്നിവയെല്ലാം ഈ പ്രതിസന്ധിയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
യുഎൻ സാന്പത്തിക പ്രതിസന്ധിയിൽ
2025 അവസാനിച്ചത് 157 കോടി ഡോളറിന്റെ (1.57 ബില്യണ്‍) കുടിശികയോടെയാണ്. മുൻവർഷത്തേക്കാൾ ഇരട്ടിയിലധികം. 193 അംഗരാജ്യങ്ങളിൽ 42 രാജ്യങ്ങൾ അവരുടെ വിഹിതം പൂർണമായി നൽകിയില്ല. 2026ലെ ജനറൽ അസംബ്ലി അംഗീകരിച്ച 345 കോടി ഡോളർ ബജറ്റ് (3.45 ബില്യണ്‍) നടപ്പാക്കാൻ കഴിയാത്ത അവസ്ഥയിലാണ് സംഘടന.
അമേരിക്കയുടെ കുടിശിക: ലോകത്തിലെ ഏറ്റവും വലിയ കടക്കാരൻ അമേരിക്കയാണ്. സാധാരണ ബജറ്റിലേക്ക് മാത്രം 219 കോടി ഡോളർ (2.19 ബില്യണ്‍) കുടിശികയുണ്ട്. 2025ലെ 82.7 കോടി ഡോളറും 2026ലെ 76.7 കോടി ഡോളറും ഉൾപ്പെടെ. സമാധാന പരിപാലന പ്രവർത്തനങ്ങൾക്ക് അധികമായി 240 കോടി ഡോളറും (2.4 ബില്യണ്‍) കുടിശികയുണ്ട്. ട്രംപ് ഭരണകൂടം 2025ലെ മുഴുവൻ സാധാരണ ബജറ്റ് വിഹിതവും തടഞ്ഞുവച്ചു. 31 യുഎൻ ബോഡികളിൽനിന്ന് പിൻവാങ്ങി, മാനുഷിക സഹായത്തിനുള്ള ധനസഹായം 2022ലെ 1,700 കോടി ഡോളറിൽനിന്ന് 200 കോടി ഡോളറായി ഗണ്യമായി വെട്ടിക്കുറച്ചു.
ബജറ്റ് വെട്ടിക്കുറയ്ക്കൽ
ഗുട്ടെറസ് 2026ലെ ബജറ്റ് 371.5 കോടി ഡോളറിൽനിന്ന് 323.8 കോടി ഡോളറായി (15.1%) കുറച്ച് പുതുക്കിയ നിർദേശം സമർപ്പിച്ചു. ഏകദേശം 2,900 തസ്തികകൾ ഇല്ലാതാക്കും. ഇത് 18.8% കുറവാണ്.
മാനുഷിക പ്രത്യാഘാതങ്ങൾ: ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്, 2025ലെ ധനസഹായക്കുറവ് മൂലം 22 പ്രതിസന്ധി മേഖലകളിലെ 6,700 ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം കുറയ്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യേണ്ടിവന്നിട്ടുണ്ടെന്നാണ്. ഏകദേശം 5.3 കോടി ആളുകൾ (53 മില്യണ്‍) ചികിത്സാ സഹായമില്ലാതെ ഉപേക്ഷിക്കപ്പെട്ടു.
സമാധാന പരിപാലനം തകരുന്നു: 2025-26ലെ സമാധാന പരിപാലന ബജറ്റ് 538 കോടി ഡോളറാണ്, എന്നാൽ അടയ്ക്കാത്ത വിഹിതം മൂലം ഏകദേശം 200 കോടി ഡോളർ കുറവുണ്ട്. ട്രംപ് ഭരണകൂടം സമാധാന പരിപാലന ധനസഹായം പൂർണമായി നിർത്തലാക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. സൈനിക പിൻമാറ്റം, സിവിലിയൻ ജീവനക്കാരുടെ നിയമന നിരോധനം, വ്യോമ പിന്തുണ കുറയ്ക്കൽ എന്നിവ ഇതിനകം ആരംഭിച്ചു.
ഈ സാന്പത്തിക പ്രതിസന്ധി വെറുമൊരു "രേഖാമൂലമുള്ള പ്രശ്നം’ എന്നതിലുപരി ഒരു പ്രവർത്തനപരമായ അടിയന്തരാവസ്ഥയായി മാറിയിരിക്കുന്നു.
സുരക്ഷാ കൗണ്‍സിൽ-ലോകത്തിന്റെ ബന്ദി
യുഎന്നിന്റെ ഏറ്റവും ശക്തമായ ഘടകമായ സുരക്ഷാ കൗണ്‍സിൽ കാര്യക്ഷമമായി പ്രവർത്തിക്കാനാകാത്ത നിലയിലാണ്. അഞ്ച് സ്ഥിരാംഗങ്ങൾ - അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് - വീറ്റോ അധികാരത്തോടെ ഇരിക്കുന്നു. ലോകജനസംഖ്യയുടെ ന്യൂനപക്ഷം മാത്രം പ്രതിനിധീകരിക്കുന്ന ഈ അഞ്ച് രാജ്യങ്ങൾ ലോക സമാധാനത്തിന്റെ ഭാഗധേയം നിർണയിക്കുന്നു. അല്ലെങ്കിൽ, കൂടുതൽ ക്യത്യമായി പറഞ്ഞാൽ, നിർണയിക്കാൻ കഴിയാതെ തടയുന്നു. ഒരു രാജ്യത്തിന് 192 രാജ്യങ്ങളുടെ ഇഷ്ടം തടയാൻ കഴിയുന്ന ഈ സംവിധാനം ജനാധിപത്യ തത്വങ്ങളുടെ നേർവിപരീതമാണ്.
ആഫ്രിക്കയ്ക്കും ലാറ്റിൻ അമേരിക്കയ്ക്കും 145 കോടി ജനസംഖ്യയുള്ള ഇന്ത്യക്കും സുരക്ഷാകൗൺസിലിൽ പ്രാതിനിധ്യമില്ല.
2024ൽ "ഭാവിക്കായുള്ള ഉടന്പടി’ എന്ന പരിഷ്കരണ മാതൃക സുരക്ഷാ കൗണ്‍സിൽ വികസിപ്പിക്കാൻ ലോക നേതാക്കൾ ചർച്ച ചെയ്തു. രാഷ്ട്രീയ മത്സരങ്ങളും സ്ഥാപിത താത്പര്യങ്ങളുംമൂലം എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു.
യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുവച്ച "ബോർഡ് ഓഫ് പീസ്’ യുഎന്നിന്റെ പ്രാധാന്യം കുറഞ്ഞുവരുന്നതിന്റെ സൂചനയാണ്.
മ്യാൻമർ, സിറിയ, യെമൻ
മ്യാൻമറിലെ സൈനിക അട്ടിമറിക്കു ശേഷമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ, സിറിയയിലെ ദശാബ്ദക്കാലത്തെ ആഭ്യന്തരയുദ്ധം, യെമനിലെ പട്ടിണി തുടങ്ങിയ ദുരന്തങ്ങളിലെല്ലാം യുഎന്നിന്റെ ഇടപെടൽ പ്രതീകാത്മകം മാത്രമാണ്. അധികാര രാഷ്ട്രീയം മൂലം സുരക്ഷാ കൗണ്‍സിൽ ഓരോ സംഘർഷത്തിലും സ്തംഭിക്കുന്നു.
ഈ സംഘർഷങ്ങളിൽ യുഎന്നിന്റെ നിസഹായത ഒരു സന്ദേശം നൽകുന്നു. "ശക്തരായ രാജ്യങ്ങൾക്ക് അന്താരാഷ്ട്ര നിയമം ബാധകമല്ല.’ ഈ സന്ദേശമാണ് ലോകക്രമത്തിന് ഏറ്റവും അപകടകരം.
(തുടരും)
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് (ഓട്ടോണമസ്) റിസർച്ച് ഡീനാണ് ലേഖകൻ