മലയാള സാഹിത്യത്തിലെ ആധുനികാനന്തര ഘട്ടത്തിലെ വേറിട്ടതും സങ്കീർണവുമായ ശബ്ദങ്ങളിലൊന്നാണ് മേതിൽ രാധാകൃഷ്ണന്റേത്. മലയാള സാഹിത്യത്തിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ഈ വർഷം പ്രഖ്യാപിച്ചതും ഈ ‘ഒറ്റയാൻ’ ശബ്ദത്തിനാണ്. ജനപ്രിയ ആഖ്യാനരീതികളോട് സന്ധിചെയ്യാതെ, ചിന്തയുടെയും ഭാഷയുടെയും പരീക്ഷണങ്ങളിലൂടെ മുന്നോട്ടുപോയ മേതിൽ മലയാള സാഹിത്യത്തിലെ വിസ്മയപ്രതിഭയാണ്.
പരമ്പരാഗത കഥാകഥന രീതികളെയും ആഖ്യാന മാതൃകകളെയും പൂർണമായും ഉടച്ചുവാർത്ത്, പുതിയൊരു ദർശനവും ഭാഷയും മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരനാണ് അദ്ദേഹം. കേവലമായൊരു കഥ പറയുന്നതിനപ്പുറം മനുഷ്യാനുഭവങ്ങളെയും യുക്തികളെയും വേറിട്ടൊരു തലത്തിലേക്ക് ഉയർത്താൻ മേതിലിന്റെ രചനകൾക്കായിട്ടുണ്ട്. ശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം എന്നിവ സർഗാത്മകമായി സമന്വയിപ്പിച്ച് സ്വന്തം ശൈലി വെട്ടിത്തുറന്ന എഴുത്തുകാരനെന്ന നിലയിലാണ് മേതിലിനെ എഴുത്തച്ഛൻ പുരസ്കാരത്തിനു പരിഗണിച്ചതെന്നാണു ജൂറിയുടെ വിലയിരുത്തൽ.
ശാസ്ത്രവും തത്ത്വചിന്തയും ഇഴചേർന്ന ആഖ്യാനത്തിലൂടെ പരമ്പരാഗത ശൈലികളെ നിരാകരിച്ചുകൊണ്ടാണു മേതിൽ സാഹിത്യരംഗത്തേക്ക് പ്രവേശിക്കുന്നത്. കാലഗണനയെയും കാര്യകാരണ ബന്ധങ്ങളെയും കാറ്റിൽപ്പറത്തുന്ന ഒരു സവിശേഷ ആഖ്യാനശൈലിയാണു മലയാളത്തിന് അദ്ദേഹം പരിചയപ്പെടുത്തിയത്. ഭൗതികശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, തത്ത്വചിന്ത എന്നിവയുടെ സ്വാധീനം അദ്ദേഹത്തിന്റെ കൃതികളെ വേറിട്ടതാക്കി. മേതിലിന്റെ ഭാഷ അദ്ദേഹത്തിനു മാത്രം എഴുതാൻ കഴിയുന്നതായിരുന്നു.
അതു മറ്റാർക്കും പകർത്താൻ പോലുമാവില്ല. അതിനു ശ്രമിച്ചു പരാജയപ്പെട്ടുപോയ എഴുത്തുകാർ നിരവധി. ലളിതമായ ആഖ്യാനത്തിനു പകരം വായനക്കാരെ ചിന്തിപ്പിക്കുകയും ബൗദ്ധികമായി വെല്ലുവിളിക്കുകയും ചെയ്യുന്ന ഗൗരവമേറിയ ഭാഷയാണ് മേതിലിന്റേത്. കുറച്ചുകൂടി ലളിതമായിപ്പറഞ്ഞാൽ മലയാള സാഹിത്യത്തെ ഭൗതിക ശാസ്ത്രത്തിന്റെയും മാത്തമാറ്റിക്സിന്റെയും ലബോറട്ടറിയാക്കി അദ്ദേഹം മാറ്റി എന്നു പറയാം.
അദ്ദേഹം തന്റെ രചനകളിലൂടെ മനുഷ്യരെയും അവരുടെ സങ്കീർണമായ പ്രശ്നങ്ങളെയും അടയാളപ്പെടുത്താൻ ശ്രമിച്ചു. അത് എല്ലാ എഴുത്തുകാരും ചെയ്യുന്നതുപോലെതന്നെ. പക്ഷേ, ഇവിടെ അദ്ദേഹം അതിനായി പിന്തുടർന്നത് സാഹിത്യയുക്തിയായിരുന്നില്ല, ശാസ്ത്രയുക്തിയായിരുന്നു എന്നുമാത്രം.
1944 ജൂലൈ 24-ന് പാലക്കാട്ട് ജനിച്ച മേതിലിന്റെ പഠനകാലം ചിറ്റൂർ ഗവൺമെന്റ് കോളജിലും തൃശൂർ കേരളവർമ കോളജിലുമായിരുന്നു. പിന്നീട് നോർവീജിയൻ ഷിപ്പിംഗ് കമ്പനിയുടെ കംപ്യൂട്ടർ വിഭാഗത്തിലും ചെന്നൈയിൽ സാങ്കേതിക ലേഖകനായും ജോലി ചെയ്തു. ജന്തുസ്വഭാവ ശാസ്ത്രനിരീക്ഷണങ്ങൾ ബ്രിട്ടനിലെ എന്റമോളജിക്കൽ സൊസൈറ്റി ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോയമ്പത്തൂരില്‍ കംപ്യൂട്ടര്‍ സഹായത്തോടെയുള്ള ഡിസൈന്‍ ആന്‍ഡ് ഡ്രാഫ്റ്റിംഗ് കേന്ദ്രവും അദ്ദേഹം നടത്തി. ജീവശാസ്ത്രവും കംപ്യൂട്ടറും സാഹിത്യവും ഒരേ വ്യക്തിയില്‍ സംഗമിച്ചതിന്റെ ഫലം അദ്ദേഹത്തിന്റെ രചനകളിലുടനീളം കാണാം. കംപ്യൂട്ടര്‍ മുതല്‍ പ്രാണികള്‍ വരെയുള്ള, പരസ്പരബന്ധമില്ലാത്തതെന്നു തോന്നുന്ന അനുഭവങ്ങളുടെ പ്രപഞ്ചം മേതിലിന്റെ രചനകളിൽ നിറഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല.
മലയാള സാഹിത്യത്തിൽ അതുവരെയുണ്ടായിരുന്ന സൗന്ദര്യബോധങ്ങളെ മേതിൽ പൊളിച്ചെഴുതി. ശരിക്കും പറഞ്ഞാൽ അട്ടിമറിച്ചു എന്നുപറയാം. ഭ്രാന്തമായ ചിന്തകളിലൂടെയും ഭാവനകളിലൂടെയുമാണ് അദ്ദേഹം അതു ചെയ്തത്. നിലവിലുണ്ടായിരുന്ന സൗന്ദര്യശാസ്ത്രം തകർക്കുക മാത്രമല്ല അദ്ദഹം ചെയ്തത്. മറ്റൊന്നിനെ നിർമിക്കുകയും ചെയ്തു. അദ്ദേഹത്തിനുമാത്രം സാധിക്കുന്ന ഒന്നാണത്. അതിനായി അദ്ദേഹം തന്റേതു മാത്രമായ ഒരു രീതിശാസ്ത്രം പ്രയോഗിച്ചു.
താന്‍ പഠിച്ചതും അറിഞ്ഞതുമായ കാര്യങ്ങള്‍ എഴുത്തിലേക്കു കൊണ്ടുവരിക എന്നതായിരുന്നു അത്.മേതിലിന്റെ എഴുത്തിലേക്കുള്ള വരവ് ഒരു വിമർശനലേഖനത്തിലൂടെയായിരുന്നു. പത്താംക്ലാസ് പരീക്ഷയെഴുതി റിസൾട്ട് കാത്തിരിക്കുന്ന സമയത്താണ് വിഖ്യാത കഥാകാരൻ പൊൻകുന്നം വർക്കിയുടെ ‘എന്റെ വഴിത്തിരിവ്’ എന്ന ആത്മകഥ മേതിൽ വായിക്കുന്നത്. തുടർന്ന് അതിനെ വിമർശിച്ചുകൊണ്ട് ലേഖനമെഴുതി. ആദ്യം അതു പ്രസിദ്ധീകരിക്കാൻ താത്പര്യപ്പെട്ടില്ലെങ്കിലും പിന്നീട് മനസുമാറി അദ്ദേഹം അതു നവയുഗം വാരികയ്ക്ക് അയച്ചുകൊടുക്കുകയും അതു പ്രസിദ്ധീകരിച്ചുവരികയും ചെയ്തു.
അതും വലിയ പ്രാധാന്യത്തോടെ. പൊൻകുന്നം വർക്കിയെന്നഅതികായനെ വിമർശിക്കാൻ ധൈര്യം കാട്ടിയതിലൂടെ മേതിൽ ശ്രദ്ധിക്കപ്പെട്ടു. പിന്നീട്, മേതിൽ രാധാകൃഷ്ണൻ എന്നപേര് മലയാള സാഹിത്യത്തിന്റെ നെടുംതൂണായി മാറിയെന്നത് ചരിത്രം. പതിനെട്ടാം വയസിൽ എഴുതിയ ‘ഒക്ടോപ്പസിന്റെ ശവം’എന്ന കഥ പ്രസിദ്ധീകരിച്ചതോടെ മേതിൽ അറിയപ്പെട്ടുതുടങ്ങിയെന്നു പറയാം. പരമ്പരാഗതമായ കഥാകഥന രീതികളിൽനിന്നു പൂർണമായും മാറി ചിന്തിക്കാനും പുതിയൊരു ആഖ്യാനവഴി വെട്ടിത്തുറക്കാനും അദ്ദേഹത്തിന് ആ പ്രായത്തിൽത്തന്നെ കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ രചന.
കഥപറച്ചിലിന്റെ പരമ്പരാഗതമായ ചട്ടക്കൂടുകളെയും ഘടനകളെയും കാറ്റിൽപ്പറത്തിക്കൊണ്ടാണ് മേതിലിന്റെ ആദ്യ നോവലായ ‘സൂര്യവംശം’ പുറത്തുവരുന്നത്. അതുവരെ മലയാളിക്ക് പരിചിതമല്ലാത്ത നോൺ-ലീനിയർ ആഖ്യാന രീതിയാണ് മേതിൽ പരീക്ഷിച്ചത്. അതായത് കൃത്യമായ തുടക്കവും മധ്യവും ഒടുക്കവുമുള്ള പരമ്പരാഗത കഥാരീതിക്ക് പകരം ചിതറിനിൽക്കുന്ന ദൃശ്യങ്ങളിലൂടെയും ആശയങ്ങളിലൂടെയുമാണ് ‘സൂര്യംവശം’ വായനക്കാരനോടു സംവദിക്കുന്നത്.
രണ്ടാമത്തെ നോവലായ ‘ബ്രാ’യിലേക്കെത്തുന്പോൾ പരമ്പരാഗത കഥാഘടനകളെയും വായനാശീലങ്ങളെയും ബോധപൂർവം തച്ചുടയ്ക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന മേതിലിനെയാണു കാണാനാവുക. ആധുനികാനന്തര മലയാള സാഹിത്യത്തിലെ ഏറ്റവും വേറിട്ട ആഖ്യാന പരീക്ഷണങ്ങളിലൊന്നാണ് ‘ബ്രാ’ യെന്ന ചെറുനോവലെന്ന് നിസംശയം പറയാം.
മേതിൽ രാധാകൃഷ്ണൻ കഥകളിലൂടെയും നോവലുകളിലൂടെയും മാത്രമല്ല, കവിതകളിലൂടെയും സാഹിത്യലോകത്ത് സവിശേഷമായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. പരമ്പരാഗത കവിതാ സങ്കല്പങ്ങളെയും വരികളുടെ താളക്രമങ്ങളെയും പൂർണമായി ഉടച്ചുകളയുന്നതാണ് മേതിലിന്റെ കാവ്യലോകം. നോവലുകളിലും കഥകളിലും കാണുന്ന മേതിൽ സ്റ്റൈൽ കവിതകളിലും കാണാനാവും. സാധാരണ കവിതകളിൽനിന്നു തികച്ചും വ്യത്യസ്തമായ ദാർശനിക തലങ്ങളാണ് മേതിൽ കവിതകളുടെ കാതൽ. ശാസ്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, തത്ത്വചിന്ത, പ്രപഞ്ചരഹസ്യങ്ങൾ എന്നിവയൊക്കെ അദ്ദേഹത്തിന്റെ കവിതകളിൽ പ്രധാന പ്രമേയങ്ങളായി കടന്നുവരുന്നു.
മേതിൽ ഒരിക്കലും എഴുത്തിനെ ഒരു ലളിതവിനോദമായി കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യകൃതിയിലൂടെ കൊണ്ടുവരാൻ ശ്രമിച്ച രചനാശൈലിയിൽനിന്ന് അണുവിടെ മാറാൻ അദ്ദേഹം തയാറായില്ല. തുടക്കക്കാർക്ക് അല്പം പ്രയാസകരമെന്ന് തോന്നാമെങ്കിലും ആഴത്തിലുള്ള വായന ആഗ്രഹിക്കുന്നവർക്ക് എക്കാലത്തും അവിസ്മരണീയമായ അനുഭവമാണ് മേതിലിന്റെ രചനകൾ നൽകുന്നത്.
ശാസ്ത്രവും കലയും സാഹിത്യവും ഒരുപോലെ സംഗമിക്കുന്ന അദ്ദേഹത്തിന്റെ കൃതികൾ മലയാള ആധുനിക സാഹിത്യ ചരിത്രത്തിൽ സവിശേഷമായ ഒരു ഏടായി നിലകൊള്ളുന്നു.