പ്രതീകാത്മക ചിത്രം
ഇൻഡോർ: ഒരു സർക്കാർ ആശുപത്രി. അവിടെ വിദഗ്ധ ഡോക്്ടർമാരുണ്ട്, നഴ്സുമാരും ലാബ് ടെക്നീഷന്മാരുമുണ്ട്. എല്ലാവർക്കും കൃത്യമായ ശന്പളവും പ്രമോഷനും സ്ഥലമാറ്റ ഉത്തരവുകളും ലഭിക്കുന്നുണ്ട്. എന്നാൽ, കേട്ടാൽ ഞെട്ടുന്ന കാര്യമുണ്ട്; ഭൂമിയിലങ്ങനെയൊരു ആശുപത്രിക്കെട്ടിടമേ നിലവിലില്ല.
മധ്യപ്രദേശിലെ ഇൻഡോറിൽനിന്നാണ് ഭരണകൂടത്തിന്റെ ഗുരുതരവീഴ്ച തുറന്നുകാട്ടുന്ന സംഭവം പുറത്തുവരുന്നത്. സാമൂഹമാധ്യമങ്ങളിൽ സംഭവം വൻ വിവാദമായതോടെ ആശുപത്രിക്ക് ഒരുപേരും വീണു. ‘ഇൻഡോർ ഗോസ്റ്റ് ഹോസ്പിറ്റൽ’.
എല്ലാം തുടങ്ങിയത് ആറു വർഷം മുമ്പ്
2020 ജൂൺ 23-നാണ് ഇൻഡോറിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഖജരാന പ്രദേശത്ത് 100 കിടക്കകളുള്ള സിവിൽ ആശുപത്രി നിർമിക്കാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്. ഖജരാന, മൂസാഖേഡി തുടങ്ങി പ്രദേശങ്ങളിലെ മൂന്നു ലക്ഷത്തോളം വരുന്ന സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വിഭാവനം ചെയ്തത്. പദ്ധതിക്ക് അനുമതി നൽകുന്നതിനൊപ്പം ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യന്മാർ ഉൾപ്പെടെ 87 തസ്തികകളും സർക്കാർ അനുവദിച്ചു.
പദ്ധതി പ്രഖ്യാപിച്ച് ആറുവർഷം കഴിഞ്ഞിട്ടും, ആശുപത്രിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാനോ കെട്ടിടനിർമാണം ആരംഭിക്കാനോ സർക്കാരിനു കഴിഞ്ഞില്ല. എന്നാൽ ഔദ്യോഗിക രേഖകളിൽ ഈ ആശുപത്രിയുടെ പ്രവർത്തനം സജീവമാണ്. ഏറ്റവുമൊടുവിൽ 2026 ജൂൺ 15-ന് പോലും ഒരു ലാബ് ടെക്നീഷ്യനെ ഈ ആശുപത്രിയിലേക്കു സ്ഥലം മാറ്റിക്കൊണ്ട് വിചിത്രമായ ഉത്തരവ് സർക്കാർ പുറത്തിറക്കി.
ജീവനക്കാർ ഇവിടെയുണ്ട്
നിലവിൽ ഈ ആശുപത്രിക്ക് ഒരു വിലാസമോ വാർഡുകളോ കിടക്കകളോ എന്തിനേറെ ഒരുരോഗി പോലുമില്ല. ആശുപത്രിയുടെ പേരിൽ നിയമിച്ച 87 ജീവനക്കാരും ഇൻഡോറിലെ മറ്റ് സർക്കാർ ആശുപത്രികളിലും സഞ്ജീവനി ക്ലിനിക്കുകളിലുമാണ് ജോലിചെയ്യുന്നത്. എന്നാൽ രേഖകളിൽ ഇവരുടെ ജോലിസ്ഥലം ഇപ്പോഴും ഖജരാന സിവിൽ ആശുപത്രിതന്നെയാണ്.
സ്ഥലം കണ്ടെത്താനായില്ല
ആശുപത്രിക്ക് അനുയോജ്യമായ സർക്കാർ ഭൂമി കണ്ടെത്താൻ കഴിയാത്തതാണു നിർമാണം വൈകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. വകുപ്പ് പോർട്ടലിൽ തസ്തികകൾ നിലനിൽക്കുന്നതിനാലാണു സ്ഥലംമാറ്റങ്ങളും നിയമനങ്ങളും രേഖകളിൽ തുടരുന്നത്.
നിലവിൽ ജീവനക്കാരുടെ സേവനങ്ങൾ മറ്റു സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. ആശുപത്രിക്ക് സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ലയും വ്യക്തമാക്കി.
അതേസമയം, സംഭവം മധ്യപ്രദേശിൽ വലിയ രാഷ്ട്രീയവിവാദത്തിനും തിരികൊളുത്തി. സംഭവത്തിൽ വൻ അഴിമതി ഉണ്ടായിട്ടുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ജനങ്ങളെ പറ്റിക്കുന്ന ഇത്തരം കടലാസിലൊതുങ്ങിയ ആശുപത്രികളെപ്പറ്റിയുള്ള സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Tags : Indore wonder unseen No land no building doctors salaries