National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മധ്യപ്രദേശ് ഹൈക്കോടതി സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. സർക്കാർ സമർപ്പിച്ച റിപ്പോർട്ടുകളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്ന് നിരീക്ഷിച്ചു.
സംസ്ഥാന സർക്കാർ നേരത്തെ രൂപീകരിച്ച സമിതിയിൽ വിശ്വാസമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഹൈക്കോടതി നേരിട്ട് ഒരു ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. മരണകാരണം, ഉദ്യോഗസ്ഥരുടെ വീഴ്ചകൾ, ഉത്തരവാദിത്തം എന്നിവ ഈ കമ്മീഷൻ പരിശോധിക്കും.
ജലവിതരണ പൈപ്പ് ലൈൻ ടെൻഡറുകൾ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ ജില്ലാ ഭരണകൂടം സുരക്ഷിതമായി സൂക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരുടെ ആശങ്ക പരിഗണിച്ചാണിത്.
മരണസംഖ്യയെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം ഏഴ് മരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ മെഡിക്കൽ കോളേജ് നടത്തിയ ഓഡിറ്റ് പ്രകാരം 15 മരണങ്ങളും, പ്രദേശവാസികളുടെ കണക്കനുസരിച്ച് 25-ഓളം മരണങ്ങളും നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭഗീരഥ്പുര മേഖലയിലെ ഒരു പൊതുശൗചാലയത്തിൽ നിന്നുള്ള മലിനജലം കുടിവെള്ള പൈപ്പുമായി കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വെള്ളത്തിൽ അതിമാരകമായ 'ഇ കോളൈ' ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഇൻഡോറിൽ ഇത്രയും മാരകമായ രീതിയിൽ മലിനീകരണം ഉണ്ടായത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. കുടിവെള്ള പൈപ്പും മലിനജല പൈപ്പും ഒരേപോലെ പോകുന്നത് നഗരങ്ങളിലെ ഗുരുതരമായ അടിസ്ഥാന സൗകര്യ വീഴ്ചയാണെന്നും കോടതി വിമർശിച്ചു.
ഈ സംഭവത്തെത്തുടർന്ന് ഇൻഡോർ മുൻസിപ്പൽ കമ്മീഷണറെ സർക്കാർ നേരത്തെ മാറ്റിയിരുന്നു. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചീഫ് സെക്രട്ടറിയോട് ഓൺലൈനായി ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെമ്പാടും കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ 'സ്വച്ഛ് ജൽ അഭിയാൻ' എന്ന പേരിൽ പുതിയ ക്യാമ്പയിനും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഭാഗിരഥ്പുര മേഖലയിൽ മലിനജലം കഴിച്ച് രോഗബാധിതനായ ഒരാൾകൂടി മരിച്ചു.
കഴിഞ്ഞമാസം 22 മുതൽ ഛർദിയും വയറിളക്കവും ഉൾപ്പെടെ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്ന ഹേമന്ദ് ഗെയ്ക്ക്വാദ് എന്ന 51 കാരനാണു മരണത്തിനു കീഴടങ്ങിയത്.മലിനജലം കഴിച്ച് സമീപനാളുകളിൽ പ്രദേശത്ത് 15 മുതൽ 23 പേർ വരെ മരിച്ചതായാണ് ഏകദേശ കണക്ക്.
ക്രിസ്മസിന് തലേന്ന് ഇൻഡോറിലെ വർമ നഴ്സിംഗ് ഹോമിലാണ് ആദ്യം പ്രവേശിപ്പിക്കപ്പെട്ടത്.
നാലുദിവസത്തിനുശേഷം ആശുപത്രി വിടുകയും ചെയ്തു. വീണ്ടും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ കഴിഞ്ഞ ഏഴിന് അരബിന്ദോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദി ഉൾപ്പെടെ പ്രശ്നങ്ങളുമായാണ് ആശുപത്രിയിൽ എത്തിയതെങ്കിലും അർബുദവും വൃക്കരോഗവുമാണു മരണകാരണമെന്ന് ആശുപത്രി വ്യക്തമാക്കി.
ഭാര്യയും നാല് പെൺകുട്ടികളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത് ഓട്ടോറിക്ഷാ ഡ്രൈവറായ ഗെയ്ക്ക്വാദിന്റെ വരുമാനം കൊണ്ടായിരുന്നു.
അതിനിടെ, മലിനജലം നഗരത്തിൽ പടർന്ന സാഹചര്യത്തിൽ പൈപ്പ് ലൈൻ വാങ്ങിയതിലെ ടെൻഡർ രേഖകൾ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് ഉൾപ്പെടെ മുഴുവൻ രേഖകളും സമർപ്പിക്കാൻ ജില്ലാ കളക്ടർക്കും മുനിനിപ്പൽ കോർപറേഷനും മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് നൽകി.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽനിന്നു പിടികൂടിയ യാചകനെ ചോദ്യംചെയ്തപ്പോൾ ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങൾ. ഭഗത്സിംഗ് നഗർ സ്വദേശിയായ മൻകിലാൽ ആണ് കോടികൾ മൂല്യമുള്ള തന്റെ സമ്പാദ്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്. ഇയാൾ ഭിക്ഷയെടുത്തു സമ്പാദിച്ചത് കോടികളാണെന്നാണ് പുറത്തുവരുന്ന വിവരം.
‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ സറാഫാ ഭാഗത്തു ഭിക്ഷയാചിച്ചിരുന്ന യാചകനെ പുനരധിവാസകേന്ദ്രത്തിൽ എത്തിച്ചപ്പോഴാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുഷ്ഠരോഗിയായ ഇയാൾ ചക്രങ്ങൾ ഘടിപ്പിച്ച ചതുരപ്പലകയിൽ ഭിക്ഷയാചിച്ചു വരികയായിരുന്നു.
കാലുകൾക്കു ചലനശേഷിയില്ലാത്തതിനാൽ കൈകളിൽ ഷൂസിട്ടുകൊണ്ടാണ് ചക്രവണ്ടി ഉന്തുന്നത്. നഗരത്തിന്റെ പല കോണുകളിലും മൻകിലാൽ ഇങ്ങനെയെത്തും. ദിവസവും ആയിരങ്ങളാണ് ഇയാളുടെ വരുമാനം. ഇങ്ങനെ ദിവസവും വൻ തുക സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ചു നേടിയത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളാണ്.
ഭഗത്സിംഗ് നഗറിൽ തനിക്ക് മൂന്നു നിലയുള്ള വീടും ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഒരു ഫ്ലാറ്റും സ്വന്തമായുണ്ടെന്ന് മൻകിലാൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടാതെ മൻകിലാലിന്റെ മൂന്ന് ഓട്ടോറിക്ഷകൾ നഗരത്തിൽ വാടകയ്ക്ക് ഓടുന്നുണ്ട്. സ്വന്തമായി ഒരു സ്വിഫ്റ്റ് ഡിസയർ കാറുമുണ്ട്. പലപ്പോഴും തന്റെ കാറിലാണ് ഭിക്ഷയാചിക്കാനായി മൻകിലാൽ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് എത്താറുള്ളത്.
ശാരീരിക വൈകല്യമുള്ളതിനാൽ വാഹനം ഓടിക്കാൻ ഡ്രൈവറെയും നിയമിച്ചിട്ടുണ്ടെന്ന് ഇയാൾ പറയുന്നു. ശാരീരിക വൈകല്യം കണ്ട് മറ്റുള്ളവർ നൽകുന്ന പണം സറഫ ബസാലിൽ ചെറുകിട ആഭരണ ബിസിനസുകൾക്കും പലിശനിരക്കിൽ വായ്പ നൽകാനുമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയും പണം സമ്പാദിക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് മൻകിലാൽ ഒരു വീട് സ്വന്തമാക്കിയത്. പിഎംഎവൈ പദ്ധതിപ്രകാരമാണ് ഇതു ലഭിച്ചത്. ഇത്രയും സ്വത്തുക്കളുണ്ടായിട്ടും പിഎംഎവൈ പദ്ധതിപ്രകാരം വീട് സ്വന്തമാക്കിയത് നിയമവിരുദ്ധമാണ്. അതേസമയം ഭിക്ഷക്കാരന്റെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2021 മുതൽ നഗരത്തിൽ ഭിക്ഷ യാചിക്കുന്ന ഇയാൾ അഞ്ചു ലക്ഷം രൂപയോളം പലർക്കായി വട്ടിപ്പലിശയ്ക്കു നൽകിയിട്ടുണ്ടെന്നും ഈയിനത്തിൽ മാത്രം ദിവസേനയുള്ള വരുമാനം 1200 രൂപ വരെയാണെന്നും ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ നോഡൽ ഓഫീസറായ ദിനേശ് മിശ്ര പറഞ്ഞു.
Sports
ഇൻഡോർ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയത്തിൽ ഒന്നര മുതലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പ്രസിദ് കൃഷ്ണയ്ക്ക് പകരം അർഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവണിൽ തിരിച്ചെത്തി. ന്യൂസിലൻഡ് ടീമിൽ മാറ്റമില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡും വിജയിച്ചിരുന്നു. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കും.
ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഢി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ടീം ന്യൂസിലൻഡ്: ഡിവോൺ കോൺവെ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഡാരൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, മിച്ചൽ ഹേ (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രെയ്സ്വെൽ (ക്യാപ്റ്റൻ), സക്കാറി ഫോൽക്ക്സ്, കൈൽ ജാമീസൺ, ക്രിസ്റ്റ്യൻ ക്ലർക്ക്, ജെയ്ഡൻ ലെന്നോക്സ്.
Sports
ഇൻഡോർ: നാട്ടിൽ അജയ്യരെന്ന പ്രതിച്ഛായയ്ക്ക് അടുത്ത കാലത്തായി ഇന്ത്യൻ ക്രിക്കറ്റ് ടീം വെല്ലുവിളി നേരിടുന്ന സമയത്ത് മറ്റൊരു ജീവൻമരണ പോരാട്ടം ഇന്നു നടക്കും.
മൂന്ന് മത്സര ഏകദിന പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. പരന്പര 1-1 തുല്യതയിലായിരിക്കേ ജയിക്കുന്ന ടീമിന് സ്വന്തമാകും. ബറോഡയിൽ ആദ്യമത്സരം ജയിച്ച ഇന്ത്യ രാജ്കോട്ടിൽ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു.
അതേസമയം ന്യൂസിലൻഡ് പര്യടനത്തിന് മുന്‍പ് ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്ക ഏകദിന ട്വന്റി20 പരന്പരയിൽ ആതിഥേയരെ വിറപ്പിച്ചു. ടെസ്റ്റ് പരന്പര തൂത്തുവാരുകയും ചെയ്തിരുന്നു. ന്യൂസിലൻഡ് ജയിച്ചാൽ ഇൻഡോറിൽ ചരിത്രം കുറിക്കും.
ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന സ്റ്റേഡിയമാണ് ഇൻഡോറിലേത്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളിലും ഇന്ത്യ വിജയിച്ചു. രോ- കോ സഖ്യത്തിലേക്കാണ് വീണ്ടും ആരാധക കണ്ണുകൾ പ്രതീക്ഷയർപ്പിക്കുന്നത്. മികച്ച തുടക്കമാണ് രണ്ട് മത്സരത്തിലും രോഹിത് ശർമ നൽകിയത്. വ്യക്തിഗത വലിയ സ്കോറിലേക്ക് രോഹിതിന് മുന്നേറാനായിരുന്നില്ല. കോഹ്ലിയാകട്ടെ രണ്ടു മത്സരത്തിലും തകർപ്പൻ ബാറ്റിംഗാണ് പുറത്തെടുത്തത്. ഒപ്പം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഫോമും കരുത്താകും.
ന്യൂസിലൻഡ് മികച്ച പ്രകടനമാണ് ഇന്ത്യൻ മണ്ണിൽ കാഴ്ചവയ്ക്കുന്നത്. കെയ്ൻ വില്യംസണ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്റനർ എന്നിവരില്ലാതെ പര്യടനത്തിനെത്തിയ കിവീസ് ഇന്ത്യക്ക് വെല്ലുവിളിയുയർത്തി. അരങ്ങേറ്റക്കാരൻ ജയ്ഡൻ ലെന്നോക്സ് ഉൾപ്പെടെയുള്ള കിവി സ്പിന്നർമാരുടെ ഫോം അവർക്ക് പ്രതീക്ഷയാണ്. ഡാരൽ മിച്ചൽ ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയാകും.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജലമലിനീകരണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികളെയും അവരുടെ ബന്ധുകളെയും രാഹുൽ സന്ദർശിച്ചു.
ഇൻഡോറിലെ ബോംബെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നാല് രോഗികളെ രാഹുൽ കണ്ടു. തുടർന്ന് അവരുടെ ബന്ധുകളെയും കണ്ടതിന് ശേഷമാണ് മടങ്ങിയത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും പാർട്ടി നേതാവ് ഉമംഗ് സിംഘറും രാഹുലിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസം രോഗം റിപ്പോർട്ട് ചെയ്ത ഭാഗീരത്പുര എന്ന സ്ഥലവും രാഹുൽ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാഹുലിന്റെ സന്ദർശനത്തിനൊടനുബന്ധിച്ച് പ്രദേശത്ത് പോലീസ് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു
National
ന്യൂഡൽഹി: കുറഞ്ഞത് 18 പേരെങ്കിലും മരണപ്പെട്ട ഇൻഡോർ മലിനജലദുരന്തത്തിൽ സുപ്രീംകോടതിതലത്തിലുള്ള സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. കേന്ദ്ര, അന്തർദേശീയ ധനസഹായം ഗണ്യമായി ലഭിച്ചിട്ടും സുരക്ഷിതമായ കുടിവെള്ളം നൽകുകയെന്ന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ മധ്യപ്രദേശിലെ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ബിജെപി സർക്കാരിനെ വിഷയത്തിൽ ബാധ്യസ്ഥരാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
നഗര ജലവിതരണ, പരിസ്ഥിതി മെച്ചപ്പെടുത്തൽ പദ്ധതിക്കായി മധ്യപ്രദേശ് സർക്കാരിനു 2003ൽ 200 ദശലക്ഷം യുഎസ് ഡോളറും 2008ൽ 71 ദശലക്ഷം യുഎസ് ഡോളറും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) വായ്പ നൽകിയെന്നും ഈ പണത്തിന് എന്തുസംഭവിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
എഡിബി രേഖകൾ പ്രകാരം ദശലക്ഷക്കണക്കിന് പൗരന്മാർക്ക് ജലലഭ്യത, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മധ്യപ്രദേശിൽ ജല ഗുണനിലവാര പരിശോധനയും നിരീക്ഷണ റിപ്പോർട്ട് തയാറാക്കലുകളും നിർണായക അടിസ്ഥാനസൗകര്യ പദ്ധതികളും കൃത്യമായി പൂർത്തിയാക്കിയിട്ടില്ലെന്ന് പവൻ പറഞ്ഞു.
Sports
ഇന്‍ഡോര്‍: അണ്ടര്‍-15 വനിതാ ഏകദിന ക്രിക്കറ്റില്‍ മൂന്നാം വിജയവുമായി കേരളം. ഇന്നലെ കേരളം 63 റണ്‍സിന് ചണ്ഡിഗഡിനെ തോല്‍പ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. ചണ്ഡിഗഡിന് മറുപടി 35 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ അവസാനിച്ചു.
കേരളത്തിനായി ആര്യനന്ദ 118 പന്തില്‍ 22 ഫോറും രണ്ട് സിക്സും അടക്കം 138 റണ്‍സ് നേടി.
National
ഭോപ്പാൽ: ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
15 പേര് ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. നിലവില്‍ 142 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികള്‍ ചികിത്സയ്ക്ക് എത്തുന്നതും ആളുകള്‍ മരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്‍ഡോറിലെ 85 വാര്‍ഡുകളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. മെഴുകുതിരി മാര്‍ച്ച് ഉള്‍പ്പെടെ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനമായ കുടിവെള്ളം ഉള്ളിൽച്ചെന്നതിനെത്തുടർന്നുള്ള മരണം 14 ആയതായി റിപ്പോർട്ട്. ആറു മാസം പ്രായമുള്ള പിഞ്ചുകുട്ടി ഉൾപ്പെടെ 15 പേർ മരിച്ചതായി പ്രദേശവാസികളാണു വ്യക്തമാക്കിയത്. അതേസമയം, നാലുപേർ മരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതെങ്കിലും പത്തുപേർ മരിച്ചതായി വിവരം ലഭിച്ചുവെന്ന് ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ് അറിയിച്ചു.
കുടിവെള്ള പൈപ്പ് ചോർന്ന് മലിനജലവുമായി കൂടിക്കലർന്നുവെന്ന് സ്ഥിരീകരിച്ചതായി ഇൻഡോർ മെഡിക്കൽ കോളജിലെ പരിശോധനയിൽ കണ്ടെത്തിയതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. മാധവ് പ്രസാദ് ഹസാനി പറഞ്ഞു. വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. കൂടുതൽ വിശദീകരണത്തിനില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഭരീരഥ്പുര പോലീസ് ഔട്ട്പോസ്റ്റിനു സമീപം കുടിവെള്ള വിതരണശൃംഖലയിലെ മുഖ്യലൈനിലാണു ചോർച്ച കണ്ടെത്തിയത്. ഒരു ശുചിമുറിയും തൊട്ടടുത്തുണ്ട്. ശുചിമുറി മാലിന്യം കുടിവെള്ളവുമായി കൂടിക്കലർന്നതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
ഒന്‍പത് ദിവസത്തിനിടെ ഛർദിയും വയറിളക്കവും ബാധിച്ച 1400 ലധികം പേർ ചികിത്സ തേടി. ഇതിൽ 272 പേർ ആശുപത്രിയിൽ തുടരുകയാണ്.
വൃത്തിയുടെ നഗരമെന്ന് അവകാശപ്പെടുന്ന ഇൻഡോറിലുണ്ടായ നാണക്കേടിൽനിന്നു രക്ഷപ്പെടാൻ സർക്കാർ കടുത്ത നടപടി തുടങ്ങി. അഡീഷണൽ കമ്മീഷണർ ഉൾപ്പെടെ ഏതാനും ജീവനക്കാരെ സ്ഥലംമാറ്റി. കോർപറേഷൻ കമ്മീഷണർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മൂന്ന് അഡീഷണൽ കമ്മീഷണർമാരെ അധികമായി നിയോഗിച്ചിട്ടുമുണ്ട്.
National
ഭോപാൽ: ഇൻഡോർ മലിനജല ദുരന്തത്തിൽ അഞ്ചര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനും ജീവൻ നഷ്ടപ്പെട്ടു. നിവാസികളായ സുനിൽ സാഹു - കിഞ്ചൽ ദമ്പതികളുടെ കുഞ്ഞ് അവ്യാനാണ് മരിച്ചത്.
വെള്ളം ചേർത്ത പാക്കറ്റ് പാൽ കുടിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അവ്യാൻ മരിച്ചത്.
അമ്മയ്ക്ക് മുലപ്പാൽ നൽകാൻ കഴിയാതെ വന്നതോടെ ഡോക്ടറുടെ നിർദേശ പ്രകാരമാണ് പാക്കറ്റ് പാൽ അൽപം വെള്ളം ചേർത്ത് നൽകിയത്. അടുത്ത ദിവസം പനിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഡോക്ടർ കുഞ്ഞിനെ മരുന്നു നൽകി മടക്കി വിടുകയായിരുന്നു.
ഞായറാഴ്ച രാത്രി കുഞ്ഞിന്റെ നില കൂടൂതൽ വഷളായി. തിങ്കളാഴ്ച രാവിലെ കുഞ്ഞ് മരിച്ചു. പത്തുവർഷം കാത്തിരുന്നു ദമ്പതികൾക്ക് ലഭിച്ച കുഞ്ഞായിരുന്നു അവ്യാൻ. മലിന ജലം കുടിച്ചതിനെ തുടർന്ന് നിരവധി പേരാണ് ഇൻഡോറിൽ മരിച്ചത്.
National
ഇൻഡോർ: ഇൻഡോറിലെ മലിനജല ദുരന്തത്തെപ്പറ്റി പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ നിയമിച്ച് മധ്യപ്രദേശ് സർക്കാർ. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി.
ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെയാണ് നടപടി. ഇൻഡോർ അഡീഷണൽ കമ്മീഷണർ, സൂപ്രണ്ടിംഗ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് നിർദേശം.
ഇൻഡോറിൽ മലിനജലം കുടിവെള്ളത്തിൽ കലർന്ന സംഭവത്തിൽ പ്രധാന ജലവിതരണ പൈപ്പ് ലൈനിലെ ചോർച്ചയാണ് മലിനീകരണത്തിന് കാരണമെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ (ഐഎംസി) കണ്ടെത്തി. പൈപ്പിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ഇവിടെ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് സംഭവത്തിന് കാരണമെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ മരണം 10 ആയി.
National
ഇൻഡോർ: ഇൻഡോറിൽ മലിന ജലം ഉപയോഗിച്ച് ചികിത്സയിലായിരുന്നവരുടെ മരണസംഖ്യ 10 ആയി ഉയർന്നു. കുടിവെള്ളത്തിൽ മലിനജലം കലർന്നതാണ് രോഗം പടർന്നു പിടിക്കാൻ കാരണമായത്. 1,100 ൽ അധികം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
പ്രധാന ജലവിതരണ പൈപ്പ്ലൈനിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ശുചിമുറിയിൽ നിന്നുള്ള മലിനജലം പ്രധാന ജലവിതരണ പൈപ്പിൽ കലർന്നതോടെയാണ് ഭഗീരത്പുരയിൽ വയറിളക്കവും ഛർദിയും പടർന്നുപിടിച്ചതെന്ന് ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ കണ്ടെത്തുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ വീഴ്ചകൾ സമ്മതിച്ച മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിജയവർഗിയയുടെ മണ്ഡലമായ ഇൻഡോർ -1 നിയമസഭാ മണ്ഡലത്തിലാണ് ഭഗീരത്പുര സ്ഥിതി ചെയ്യുന്നത്.