കൊച്ചി: ഇ- കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് ഗോട്ട് സെയില്‍ ഓഫറിന്റെ പേരില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങളും വ്യാജ പേജുകളും സൃഷ്ടിച്ചു പണം തട്ടാനുള്ള ശ്രമം നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്.
ഇന്നലെ മലപ്പുറം ജില്ലയില്‍ ഇത്തരത്തിലുള്ള രണ്ട് തട്ടിപ്പുകേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെയാണു സൈബര്‍ പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കൊല്ലത്തും രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫ്ലിപ് കാര്‍ട്ട് ഗോട്ട് സെയില്‍, ഗോട്ട് സെയില്‍ ലൈവ്, ഓഫേഴ്സ് സെയില്‍, എഫ്കെ ഗോട്ട്സ് ഓഫേഴ്സ് തുടങ്ങിയ പേരുകളില്‍ വ്യാജ ഫേസ്ബുക്ക് പേജുകള്‍ സൃഷ്ടിച്ചാണു തട്ടിപ്പ്.
തട്ടിപ്പുരീതി
- ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഫ്ലിപ്കാര്‍ട്ട് ഗോട്ട് സെയിന്റെ പേരില്‍ വ്യാജ പേജുകളും സ്പോണ്സര് ചെയ്ത പരസ്യങ്ങളും പ്രചരിപ്പിക്കുന്നു.
- ഐ ഫോണ്‍, സാംസംഗ്, വണ്‍ പ്ലസ് തുടങ്ങിയ വിലകൂടിയ മൊബൈല്‍ ഫോണുകളും മറ്റ് ഉത്പന്നങ്ങളും തീരെ കുറഞ്ഞ വിലയ്ക്കു വാഗ്ദാനം ചെയ്യും.
- പരസ്യങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരെ ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിനോടു സാമ്യമുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ സ്വകാര്യ വാട്സാപ് നമ്പറുകളിലേക്കോ റീഡയറക്ട് ചെയ്യും.
- പരിമിതകാല ഓഫര്‍, പരിമിത സ്റ്റോക്ക്, ഓഫര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം തുടങ്ങിയ സന്ദേശങ്ങളിലൂടെ ഉപഭോക്താക്കളെ ഉടന്‍ പണമടയ്ക്കാന്‍ പ്രേരിപ്പിക്കും.
- ബുക്കിംഗ് തുക, അഡ്വാന്‍സ്, ഡെലിവറി ചാര്‍ജ്, ഓഫര്‍ കണ്ഫര്മേഷന് ഫീസ് തുടങ്ങിയ പേരുകളില്‍ ഓണ്‍ലൈന്‍ പണമിടപാട് നടത്താന്‍ ആവശ്യപ്പെടും.
- പണം ലഭിച്ചതിനുശേഷം ഉത്പന്നം അയയ്ക്കാതിരിക്കുകയോ കൂടുതല്‍ തുക ആവശ്യപ്പെടുകയോ പിന്നീട് ബന്ധപ്പെടാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യുന്നു.
Tags :
Cyber fraud Flipkart Got Sale