എടത്വ: 2018 ൽ റീബിൽഡ് കേരള ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച നീരേറ്റുപുറം എൻഎസ്എസ്. പടിമുതൽ ടിഎംടി സ്കൂൾപ്പടി വരെയുള്ള റോഡിന്റെ പണി ഉടൻ പുനരാരംഭിക്കുമെന്ന് കുട്ടനാട് എം.എൽ.എ. റെജി ചെറിയാൻ ഉറപ്പു നൽകി.
കഴിഞ്ഞ പത്ത് വർഷമായി പൂർത്തീകരിക്കാതെ കിടക്കുന്ന റോഡിന്റെ നിർമാണം എത്രയും വേഗം പുനരാരംഭിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കരാറുകാരനെയും വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് എംഎൽഎ ഉറപ്പുനൽകിയത്. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് റീബിൽഡ് കേരള ഫണ്ടിൽ ഈ റോഡ് നിർമാണത്തിനായി വകയിരുത്തിയിരുന്നത്.
ടിഎംടി ഹൈസ്കൂൾ, എംടിഎൽപി സ്കൂൾ, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മൂന്ന് ക്രൈസ്തവ ദേവാലയങ്ങൾ, എസ്എൻഡിപി, എൻഎസ്എസ് കരയോഗം തുടങ്ങിയ സ്ഥാപനങ്ങളിലേക്കും നിരവധി വീടുകളിലേക്കും എത്തിച്ചേരാൻ ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പാലത്തിങ്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വർഗീസ് കോലത്തുപറമ്പിൽ, സിബി മുളയ്ക്കൽ, സാനു കല്ലുപുരയ്ക്കൽ എന്നിവർ എംഎൽഎയ് ക്കൊപ്പം ഉണ്ടായിരുന്നു.