മഞ്ചേരി: വേട്ടേക്കോട് ഡംപ് സൈറ്റിൽ കെട്ടിക്കിടക്കുന്ന റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (മാലിന്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഇന്ധനം) ഉടൻ മാറ്റണമെന്ന് ലോക ബാങ്ക് പ്രതിനിധികൾ ആവശ്യപ്പെട്ടു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) ഭാഗമായി മഞ്ചേരി നഗരസഭയിലെ വേട്ടേക്കോട് ഡംപ് സൈറ്റിൽ നടപ്പാക്കുന്ന ബയോമൈനിംഗ് പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി എത്തിയതായിരുന്നു ലോകബാങ്ക് പ്രതിനിധി സംഘം.
കാലാവസ്ഥയും മഴയുടെ സാഹചര്യവും പരിഗണിച്ച് ബയോമൈനിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും കരാർ കന്പനി പ്രതിനിധികൾക്ക് സംഘം നിർദേശം നൽകി. നിലവിൽ ശേഖരിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്ത് സിമന്റ് കന്പനിക്ക് കൈമാറുന്ന നടപടികൾ ആരംഭിക്കണമെന്നും തുടർന്ന് ശ്മശാന പരിസരത്ത് ഉൾപ്പെടെയുള്ള ശേഷിക്കുന്ന ലെഗസി മാലിന്യങ്ങൾ പൂർണമായും സംസ്കരിച്ച് പ്രദേശം മാലിന്യമുക്തമാക്കണമെന്നും സംഘം നിർദേശിച്ചു. പദ്ധതിയുടെ അവസാനഘട്ടത്തിൽ സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടെ ഡംപ് സൈറ്റിന് ചുറ്റുമായി ഗ്രീൻ ബെൽറ്റ് വികസിപ്പിച്ച് ഭൂമി വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും വേണം.
ലോകബാങ്ക് സീനിയർ സോഷ്യൽ ഡെവലപ്മെന്റ് സ്പെഷലിസ്റ്റ് മൃദുല സിംഗ്, സീനിയർ എൻവയോണ്മെന്റ് സ്പെഷലിസ്റ്റ് ദീപ ബാലകൃഷ്ണൻ, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എൻവയോണ്മെന്റ് സ്പെഷലിസ്റ്റ് ഗിരീഷ് ശുക്ല എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
നഗരസഭയെ പ്രതിനിധീകരിച്ച് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, പ്രോജക്ട് മാനേജ്മെന്റ് കണ്സൾട്ടൻസി, ടെക്നിക്കൽ കണ്സൾട്ടൻസിഉദ്യോഗസ്ഥർ, കരാർ കന്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.