മലപ്പുറം: നിര്‍മിതബുദ്ധിയുടെയും റോബോട്ടിക്സിന്റെയും അനന്തസാധ്യതകളും ഈ മേഖലകളിലെ ഉന്നതപഠന, തൊഴില്‍ അവസരങ്ങളും പരിചയപ്പെടുത്തി ദിശ ഹയര്‍ സ്റ്റഡീസ് എക്സ്പോയില്‍ നിര്‍മിതബുദ്ധിയുടെ അനന്തസാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍. വി.എസ്. ജോയ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിനിമകളില്‍ മാത്രം കണ്ടിരുന്ന റോബോട്ടുകള്‍ വ്യവസായശാലകളിലും ആശുപത്രികളിലും വീടുകളിലും വരെ സജീവസാന്നിധ്യമാകുന്ന കാലത്ത് നിര്‍മിതബുദ്ധിയുടെയും റോബോട്ടിക്സിന്റെയും പ്രാധാന്യം വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു സെമിനാറിന്റെ ലക്ഷ്യം.
കോഴിക്കോട് എന്‍ഐടി അസോസിയേറ്റ് പ്രഫസര്‍ ഡോ. ജി. ഗോപകുമാര്‍ ക്ലാസെടുത്തു. സ്വയം നിയന്ത്രിത വാഹനങ്ങള്‍, റോബോട്ടിക് ശസ്ത്രക്രിയകള്‍, മനുഷ്യരുമായി സംവദിക്കുന്ന നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ പ്രവര്‍ത്തനരീതികളും അവയ്ക്കു പിന്നിലെ ശാസ്ത്രീയ തത്ത്വങ്ങളും വിശദീകരിച്ചു.
നിര്‍മിതബുദ്ധിയും റോബോട്ടിക്സും പഠിക്കാന്‍ ലഭ്യമായ ഉന്നതവിദ്യാഭ്യാസ കോഴ്സുകള്‍, രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സാധ്യതകള്‍, ഭാവിയിലെ തൊഴില്‍ മേഖലകള്‍ എന്നിവയും പരിചയപ്പെടുത്തി. സ്കൂള്‍ പഠനകാലത്തുതന്നെ ഈ മേഖലകളിലേക്ക് കടന്നുവരാന്‍ വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുക്കേണ്ട അടിസ്ഥാന ശേഷികളും ആവശ്യമായ തയാറെടുപ്പുകളും ചര്‍ച്ചയായി.
നിയമരംഗത്തെതൊഴില്സാധ്യതകള്പങ്കിട്ട് സെമിനാര്‍
മലപ്പുറം: ദിശ ഹയര്‍ സ്റ്റഡീസ് എക്സ്പോയോടനുബന്ധിച്ച് നിയമ രംഗത്തെ പുത്തന്‍ തൊഴില്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്തു.
നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുമ്പോള്‍ അവ കൈകാര്യം ചെയ്യാന്‍ പുതിയ വിദഗ്ധരും ആവശ്യമാണെന്ന് സെമിനാര്‍ വിലയിരുത്തി. കോര്‍പറേറ്റ് ലോ, സൈബര്‍ ലോ, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി, സ്പോര്‍ട്സ് ലോ, ഇന്റര്‍നാഷണല്‍ ലോ, ജുഡീഷ്യല്‍ സര്‍വീസ് തുടങ്ങി അതിവിശാലമായ നിയമലോകത്തെ അവസരങ്ങള്‍ പരിപാടിയില്‍ വിശദീകരിച്ചു. ഡാറ്റാ സംരക്ഷണം മുതല്‍ നിര്‍മിത ബുദ്ധി വരെയുള്ള നിയമ മേഖലയിലെ പുതിയ കാലത്തെ കരിയര്‍ സാധ്യതകള്‍, പ്രവേശന പരീക്ഷകള്‍, നാഷണല്‍ ലോ സര്‍വകലാശാലകള്‍ തുടങ്ങിയവയും സെമിനാറില്‍ ചര്‍ച്ചയായി.
കോഴിക്കോട് ഗവണ്മെന്റ് ലോ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. അനീസ്, നാഷണല്‍ ലോ സര്‍വകലാശാല സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് സയന്‍സസ് യോഗ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എസ്. സുജിത്ത്, വിദ്യാര്‍ഥി പ്രതിനിധി ഗോപിക തുടങ്ങിയവര്‍ പ്രസംഗിച്ചു.